കൊച്ചി: മലയാളം വാർത്താ ചാനൽ രംഗത്ത് കൂടുവിട്ട് കൂടുമാറ്റങ്ങൾ പതിവുള്ള കാര്യമാണ്. ഇന്ന് ഒരു വാർത്താ ചാനലിന്റെ മുഖമായി നിന്നിരുന്ന ആളെ നാളെ മറ്റൊരു വാർത്താ ചാനലിൽ കാണുക എന്നതാണ് പതിവ്. ഇപ്പോഴിതാ മലയാളം വാർത്താ ചാനൽ രംഗത്ത് മറ്റൊരു സുപ്രധാന ചുവടുമാറ്റത്തിനും കളമൊരുങ്ങുകയാണ്. മലയാളത്തിലെ മുൻനിര വാർത്താ അവതാരകനും മീഡിയ വൺ ചാനൽ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഡിറ്ററുമായ അഭിലാഷ് മോഹനൻ മാതൃഭൂമി ന്യൂസ് ചാനലിലേക്ക് പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. അഭിലാഷ് മോഹനൻ മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്ററായാണ് ചുമതലയേൽക്കുന്നതെന്നാണ് സൂചന. അടുത്ത ജനുവരി മുതൽ അഭിലാഷ് മാതൃഭൂമിയിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന.

കണ്ണൂർ ആലക്കോട് സ്വദേശിയായ അഭിലാഷ് മോഹനൻ തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം പൂർത്തിയാക്കിയ ശേഷം കേരളാ യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. കൈരളി പിപ്പിൾ ചാനലിലായിരുന്നു മാധ്യമപ്രവർത്തകനായി തുടക്കം. 2010ൽ ഇന്ത്യാവിഷനിലെത്തിയ അഭിലാഷ് മോഹനൻ ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിലെ മുൻനിര ദൃശ്യമാധ്യമപ്രവർത്തകനും വാർത്താവതാരകനുമായി മാറി.

ഇന്ത്യാവിഷൻ പ്രൈം ടൈം ചർച്ചാ പരിപാടിയായ ന്യൂസ് നൈറ്റ്, ഇലക്ഷൻ ദിന പ്രത്യേക പരിപാടികൾ, അഭിമുഖം എന്നിവയിലൂടെ അഭിലാഷ് മോഹനൻ ശ്രദ്ധ നേടി. പിന്നീട് റിപ്പോർട്ടർ ചാനലിലെത്തിയ അഭിലാഷ് മോഹനൻ ചാനലിലെ പ്രൈം ടൈം ചർച്ചകളിലെയും ഏറെ ചർച്ച ചെയ്യപ്പെട്ട അഭിമുഖ പരമ്പരയുടെയും മുഖമായി. റിപ്പോർട്ടറിൽ അഭിലാഷ് മോഹനൻ അവതാരകനായ ക്ലോസ് എൻകൗണ്ടർ എന്ന അഭിമുഖ പരമ്പരയും സ്വീകാര്യത നേടിയിയിരുന്നു.

റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്ററായിരിക്കെയാണ് മീഡിയ വൺ ചാനലിലേക്ക് മാറുന്നത്. മീഡിയ വണ് പ്രൈം ടൈം ചർച്ചകൊപ്പം പ്രതിവാര പരിപാടി 'നിലപാട്' അവതരിപ്പിക്കുന്നതും അഭിലാഷ് ആണ്. ചാനലിലെ മുഖ്യ അവതാരകന്റെ റോളിൽ തിളങ്ങുമ്പോഴാണ് അഭിലാഷ് ചുടവുമാറുന്നത്. നേരത്തെ ചാനൽ എഡിറ്റർ സ്ഥാനത്തു നിന്നും രാജീവ് ദേവരാജ് രാജിവെച്ച് മീഡിയാ വൺ ചാനലിലേക്ക് ചുവടു മാറിയിരുന്നു. രാജീവ് ദേവരാജിന് പകരം മനോരമ ന്യൂസ് ചാനലിൽ നിന്നും പ്രമോദ് രാമനെയാണ് ഈ പദവിയിൽ മീഡിയ വൺ എത്തിച്ചത്.

ചടുലമായി ചർച്ചകൾ നയിക്കുന്ന അഭിലാഷിന്റെ അഭാവത്തിൽ മറ്റാരെയാകും മീഡിയാവൺ പകരം കണ്ടെത്തുക എന്നും ഇനി അറിയേണ്ടതുണ്ട്. വാർത്താവതരണത്തിനും അഭിമുഖത്തിനും സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം, സുരേന്ദ്രൻ നീലേശ്വരം സ്മാരക പുരസ്‌കാരം, 2017ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം എന്നിവ അഭിലാഷ് മോഹനന് ലഭിച്ചിട്ടുണ്ട്.