- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ ഡൽഹി - രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് കളി കാണവേ ചാനൽ മാറ്റി; ചോദ്യം ചെയ്തതിന് പ്രതികാരമായി ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; അഭിലാഷ് കൊലക്കേസിൽ പ്രതിക്ക് 5 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; ഇത് സാക്ഷികൾക്ക് ജഡ്ജി സ്വന്തം പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ യാത്രാ ബത്ത നൽകിയ കേസ്
തിരുവനന്തപുരം: ക്രിക്കറ്റ് കളി കാണവേ ടി വി ചാനൽ മാറ്റിയത് ചോദ്യം ചെയ്തതിന് ക്രിക്കറ്റ് ബാറ്റു കൊണ്ടു കൊലപ്പെടുത്തിയ അഭിലാഷ് കൊലക്കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പാക്കരനെന്ന പ്രസാദിന് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 2 വർഷം അധിക തടവനുഭവിക്കാനും ജഡ്ജി സി. ജെ. ഡെന്നിസ് ഉത്തരവിട്ടു.
കൊലക്കുറ്റത്തിന് വകുപ്പ് 302 പ്രകാരം കുറ്റം ചുമത്തിയെങ്കിലും വിചാരണയിൽ കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കൊല്ലപ്പെട്ട അഭിലാഷിന്റെ ആശ്രിതർക്ക് നൽകണം. കൂടാതെ ആശ്രിതരുടെ ഭാവി നന്മക്കായി മതിയായ തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയോടും കോടതി ഉത്തരവിട്ടു.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) ഡൽഹി ഡൈനാമിറ്റ്സ് - രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് കളി വായനശാല ക്ലബ്ബിൽ കാണവേയാണ് സംഭവം നടന്നത്. ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ടിരിക്കേ ആദ്യ ബാറ്റിങ് കഴിഞ്ഞയുടൻ പ്രതി ടി വി ചാനൽ മാറ്റി സിനിമ ഇട്ടു. അഭിലാഷ് ഇത് ചോദ്യം ചെയ്തപ്പോൾ '' ഇന്നിനി എല്ലാവരും സിനിമ കണ്ടാൽ മതി '' എന്ന് ആക്രോശിച്ച് കൊണ്ട് പ്രതി ക്രിക്കറ്റ് ബാറ്റെടുത്ത് അഭിലാഷിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലക്കേസിൽ സാക്ഷിമൊഴി നൽകാനെത്തിയ നാലു സാക്ഷികൾക്ക് ജഡ്ജി സി. ജെ. ഡെന്നിസ് സ്വന്തം പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ സാക്ഷിപ്പടി ദിന ബത്ത നൽകിയിരുന്നു. വിചാരണക്ക് ഷെഡ്വൂൾ ചെയ്ത് കൂലിപ്പണിക്കാരായ നാലു സാക്ഷികൾ രണ്ടു തവണ ഹാജരായിട്ടും പ്രതിഭാഗം സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാത്തതിന് പ്രതി നാലു സാക്ഷികൾക്ക് 500 രൂപ വീതം യാത്രപ്പടി ദിന ബത്ത കോടതി ചെലവായി നൽകാൻ കോടതി മാർച്ച് 10 ന് ഉത്തരവിട്ടിരുന്നു.
ഉത്തരവ് പാലിക്കാത്തതിനാൽ പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതി കൂലിപ്പണിക്കാരായ 4 സാക്ഷികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും തുക നൽകുകയായിരുന്നു. സാക്ഷികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും വിചാരണ കോടതി ജഡ്ജി കോടതി ചെലവ് നൽകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യ സംഭവമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീ.പ്രോസിക്യൂട്ടർ ഗീനാകുമാരി ഹാജരായി.