പെർത്ത്: ഗോൾഡൺ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളിയായ നാവികസേനാ കമാൻഡർ അഭിലാഷ് ടോമിയുടെ ആരോഗ്യനില ഗുരുതരമെന്നു സൂചന.അഭിലാഷ് ടോമിയെ നാളെ ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്നും ഫ്രഞ്ച് കപ്പൽ 16 മണിക്കൂറിനകം അഭിലാഷിന്റെ അടുത്തെത്തുമെന്നുമാണ് വിവരം.

ഇന്ത്യൻ മഹാസമുദ്രത്തിൽ കന്യാകുമാരിയിൽനിന്ന് അയ്യായിരത്തിലേറെ കിലോമീറ്ററും ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്ന് 2700 കിലോമീറ്ററും അകലെയായായിട്ടാണ് അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തിയത്.നടുവിനു സാരമായി പരിക്കേറ്റ അഭിലാഷ് ടോമിക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല. വിവരം പങ്കുവച്ചുകൊണ്ട് അഭിലാഷിന്റെ സാറ്റ്ലൈറ്റ് സന്ദേശം പുറത്തുവന്നു. ജൂലൈ ഒന്നിനു ഫ്രാൻസിലെ ലെ സാബ്ലെ ദൊലോൻ തുറമുഖത്തുനിന്നായിരുന്നു പ്രയാണം ആരംഭിച്ചത്.

അഭിലാഷിന്റെ തുരിയ എന്ന പായ് വഞ്ചി പൊളിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങി കിടക്കുന്നുവെന്നാണ് എയർ ക്രാഫ്റ്റുമായുള്ള ദൃശ്യ ആശയവിനിമയത്തിൽനിന്ന് മനസിലാവുന്നത്. അഞ്ച് കിലോമീറ്റർ താഴ്ചയുള്ള പ്രദേശത്തെ തിരമാലകൾ പത്ത് മുതൽ 12 വരെ ഉയരത്തിലാണ്. മോശം കാലാവസ്ഥയും കനത്ത മഴയിലുമാണ് പ്രദേശമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഭിലാഷിന്റെ ബോട്ടിനടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫ്രഞ്ച് ഫിഷറീസ് കപ്പൽ തിങ്കളാഴ്ചയേ അവിടെയെത്തൂ.

ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സൈനിക വിമാനങ്ങൾ അഭിലാഷിന്റെ യാട്ടിനുമേലെ പറന്നെങ്കിലും അഭിലാഷുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റ അഭിലാഷ് യാട്ടിനുള്ളിൽ കിടപ്പിലാണെന്ന് ഓസ്‌ട്രേലിയൻ മാരിടൈം അഥോറിറ്റി വക്താവ് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്നു 3500 കിലോമീറ്റർ പടിഞ്ഞാറ് മാറി ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. ഓസ്‌ട്രേലിയൻ നേവിയുടെയും ഇന്ത്യൻ നേവിയുടെയും സംയുക്താഭിമുഖ്യത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

പായ്വഞ്ചിക്കു തകരാറുണ്ടെന്നും തനിക്കു സാരമായി പരിക്കേറ്റുവെന്നും അഭിലാഷ് ടോമി ശനിയാഴ്ച പുലർച്ചെ മൂന്നിന് സന്ദേശം നൽകിയിരുന്നു. പായ്വഞ്ചിയുടെ തൂൺ (പായ്മരം) തകർന്നെന്നും നടുവിനു സാരമായി പരിക്കേറ്റെന്നും എഴുന്നേൽക്കാൻ സാധിക്കുന്നില്ലെന്നും സന്ദേശത്തിൽ പറയുന്നു. കന്യാകുമാരിയിൽനിന്ന് 2700 നോട്ടിക്കൽ മൈലും ഓസ്ട്രലിയയിലെ പെർത്തിൽനിന്ന് 1900 നോട്ടിക്കൽ മൈലും അകലെയാണ് നിലവിൽ അഭിലാഷ് ടോമി എന്നാണ് വിവരം.

മത്സരത്തിൽ മൂന്നാം സ്ഥാനത്ത് മുന്നേറുന്നതിനിടെ വെള്ളിയാഴ്ചയാണ് അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥ വ്യതിയാനത്തിൽ പായ് വഞ്ചിക്ക് തകരാർ സംഭവിച്ചത്. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റർ ഉയർന്ന തിരമാലയിലും പായ്മരം ഒടിയുകയായിരുന്നു. കരയുമായി ബന്ധപ്പെടുന്ന റേഡിയോ സംവിധാനത്തിന് തകരാർ സംഭവിച്ചതോടെ അഭിലാഷുമായുള്ള സംഘാടകരുടെ ആശയവിനിമയം തടസപ്പെട്ടു. താൻ സുരക്ഷിതനാണെന്നും എന്നാൽ, എഴുന്നേൽക്കാൻ സാധിക്കുന്നില്ലെന്നും വഞ്ചിയിൽ കിടക്കുകയാണെന്നും അഭിലാഷ് റേഡിയോ സന്ദേശത്തിലൂടെ കൺട്രോൾ റൂമിനെ അറിയിച്ചു.

ജൂലൈ ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലേ ദൊലാൻ തുറമുഖത്ത് നിന്നാണ് ഗോൾഡൻ ഗ്ലോബ് റേസ് ആരംഭിച്ചത്. അഭിലാഷ് ടോമിക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 പേരാണ് പായ്‌വഞ്ചികളിൽ സാഹസിക യാത്ര തുടങ്ങിയത്. ഇതിൽ ഏഴു പേർ വിവധ കാരണങ്ങളാൽ യാത്രാമധ്യേ പിന്മാറി. ഫിലിഷിങ് പോയിന്റിലെത്താൻ 16,113.3 നോട്ടിക്കൽ മൈൽ മാത്രം ഉള്ളപ്പോഴാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. മൽസരത്തിലുള്ള മറ്റ് പായ് വഞ്ചിയിലെ യാത്രക്കാരോട് അഭിലാഷിന്റെ സമീപത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റവും സമീപമുള്ള ഗ്രിഗറി മക്‌ബുക്കിന് തിങ്കളാഴ്ച മാത്രമേ അപകട സ്ഥലത്തെത്താൻ സാധിക്കൂ.