- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമന്യുവിനോട് കുറച്ചുപേർ കയർക്കുന്നതും ഉന്തുകയും തള്ളുകയും ചെയ്യുന്നതാണ് കണ്ടത്; പിടിച്ചുമാറ്റി രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് വെട്ടേറ്റത്; പിന്നെ കണ്ടത് വീണു കിടക്കുന്ന അഭിമന്യുവിനെ; കൂട്ടുകാരനില്ലാതെ പത്താക്ലാസിൽ പരീക്ഷ എഴുതി കാശിനാഥ്; പടയണിവെട്ടത്തെ കൊലയ്ക്ക് കാരണം ചേട്ടനോടുള്ള പക
ആലപ്പുഴ: വീശിയ കത്തിയിൽനിന്ന് അഭിമന്യുവിനെ രക്ഷിക്കാൻ കാശിനാഥ് ശ്രമിച്ചെങ്കിലും അത് വെറുതെയായി. കൂട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാശിനാഥിന്റെ ഇടതുകൈപ്പത്തിക്ക് സാരമായി മുറിവേറ്റു. ആ പരിക്കുമായാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ്യാഴാഴ്ച ഫിസിക്സ് പരീക്ഷ എഴുതാൻ കിച്ചു(അഭിമന്യു) ഇല്ലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു അഭിമന്യുവിന്റെ മൃതദേഹം. വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പരീക്ഷാഹാളിൽ അഭിമന്യുവിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നു.
പടയണിവെട്ടം മങ്ങാട്ട് ജയപ്രകാശി(കണ്ണൻ)ന്റെയും സിൽജയുടെയും മകനാണ് കാശിനാഥ്. അഭിമന്യുവും കാശിനാഥും അഞ്ചാംക്ളാസ് മുതൽ ഒന്നിച്ചാണ് പഠിക്കുന്നത്. ആത്മസുഹൃത്തുക്കളുമായിരുന്നു. ഉത്സവപ്പറമ്പിൽ അഭിമന്യുവിനുനേരേ ആക്രമണം നടന്നപ്പോൾ കാശിനാഥൻ പ്രതിരോധം തീർത്തു. ഇതിനിടെയാണ് കാശിക്ക് പരിക്കേറ്റത്. പരീക്ഷ എഴുതിയതിനുശേഷം കാശിനാഥിനെ വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷുവിന് പുതുവസ്ത്രങ്ങളെടുക്കാൻ അഭിമന്യുവും കാശിനാഥും ഒന്നിച്ചാണ് താമരക്കുളത്തെ വസ്ത്രശാലയിൽ പോയത്. ഷർട്ടും പാന്റുമെല്ലാം വാങ്ങി. ഉച്ചയ്ക്ക് വീണ്ടും കാശിനാഥിനെ അന്വേഷിച്ച് അഭിമന്യു വീട്ടിലെത്തി. വൈകീട്ട് ഉത്സവം കാണാനും ഇരുവരും ഒന്നിച്ചാണ് പോയത്. അത് മരണത്തിലേക്കുള്ള യാത്രയുമായി.
'ഞാൻ നോക്കുമ്പോൾ അഭിമന്യുവിനോട് കുറച്ചുപേർ കയർക്കുന്നതും അവനെ ഉന്തുകയും തള്ളുകയും ചെയ്യുന്നതാണ് കണ്ടത്. അവനെ പിടിച്ചുമാറ്റി രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് എനിക്ക് വെട്ടേറ്റത്. അപ്പോൾ തന്നെ ബോധം പോയി പിന്നിലേക്ക് വീണു. കുറച്ചുകഴിഞ്ഞ് നോക്കുമ്പോൾ വീണുകിടക്കുന്ന അഭിമന്യുവിനെയാണ് കണ്ടത്. ' നെഞ്ചുപൊട്ടി കാശിനാഥ് പറഞ്ഞു. ബുധനാഴ്ച എനിക്ക് ഷർട്ട് വാങ്ങാൻ ഒരുമിച്ചാണ് പോയത്. അഞ്ചാം ക്ലാസുമുതൽ ഒരുമിച്ച് പഠിക്കുന്നു. സ്കൂളിൽ എൻസിസിയിലും ചേർന്നിരുന്ന അഭിമന്യു നന്നായി ഫുട്ബോളും കളിക്കുമായിരുന്നു. കാശിനാഥ് പറയുന്നു. കൂടെ പരിക്കേറ്റ ആദർശ് ലാൽ സുഹൃത്താണ്. വള്ളികുന്നം മങ്ങാട്ടുവീട്ടിൽ ജയപ്രകാശിന്റെയും സിൽജയുടെയും മകനാണ് കാശിനാഥ്.
കൂട്ടുകാരനെക്കണ്ട് 15 മിനിറ്റിനകം തിരികെ വരാമെന്നുപറഞ്ഞാണ് തന്റെ മുന്നിൽനിന്ന് അഭിമന്യു പോയതെന്ന് അച്ഛൻ അമ്പിളികുമാർ പറയുന്നു. അമ്പലത്തിൽനിന്ന് വരുന്നവഴിക്കാണ് അവനെ കണ്ടത്. വീട്ടിലെത്തി കുറച്ചുകഴിഞ്ഞ് വിളിച്ചപ്പോൾ ഉടൻ വരാമെന്നായിരുന്നു മറുപടി. പിന്നീട് അറിഞ്ഞത് മരണവാർത്തയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പടയണിവെട്ടത്ത് ഉത്സവത്തിനിടയിലെ സംഘർഷത്തിൽ കുത്തേറ്റാണ് എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചത്.
വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെ മകൻ അഭിമന്യു ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു സമീപം ആയിരുന്നു സംഭവം. പ്രതികൾ ആർഎസ്എസ് ബന്ധമുള്ളവരാണെന്നു സിപിഎം ആരോപിച്ചു. കുത്താൻ ഉപയോഗിച്ച ആയുധവും പ്രതികൾ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിമന്യുവിന്റെ സഹോദരൻ ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തുവിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.
പരുക്കേറ്റ ആദർശിന്റെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വള്ളികുന്നം സ്വദേശി സഞ്ജയ് ജിത്തിനും(28) കണ്ടാലറിയാവുന്ന മറ്റ് 5പേർക്കും എതിരെ കേസെടുത്തു. പുത്തൻചന്തയിലെ സിപിഎം ലോക്കൽകമ്മിറ്റി ഓഫിസിനു മുന്നിൽ പൊതു ദർശനത്തിനുശേഷം അഭിമന്യുവിന്റെ സംസ്കാരം ഇന്ന് 2നു നടക്കും. പരേതയായ ബീനയാണ് അഭിമന്യുവിന്റെ അമ്മ.
മറുനാടന് മലയാളി ബ്യൂറോ