- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനേയും ചേട്ടനേയും സമാധാനിപ്പിക്കാൻ ആർക്കുമായില്ല; പെൺകുട്ടികൾ അടക്കമുള്ള സഹപാഠികൾക്കും ചേതനയറ്റ ശരീരം നൽകിയത് പൊട്ടിക്കരച്ചിൽ; മുദ്രാവാക്യം വിളികൾക്കും മേൽ ഉയർന്ന് കേട്ടത് കൂട്ടക്കരച്ചിൽ; അഭിമന്യുവിന് യാത്രാമൊഴി നൽകിയത് സങ്കടക്കടലൊഴുക്കി; വിലാപയാത്രയ്ക്കിടെ അക്രമവും
ആലപ്പുഴ: കുത്തേറ്റുമരിച്ച പത്താംക്‌ളാസ് വിദ്യാർത്ഥി അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്ച വീട്ടിൽ എത്തിച്ചപ്പോൾ കണ്ടത് നൊമ്പരമുണ്ടാക്കുന്ന കാഴ്ചകൾ. സംസ്‌കാര ചടങ്ങിലും വേദനയാണ് നിറഞ്ഞത്. മൃതദേഹം വീട്ടിലെത്തിയപ്പോൾ വിങ്ങലുകൾ അലമുറയായിമാറി. പെൺകുട്ടികളടക്കമുള്ള സഹപാഠികളും മറ്റു കൂട്ടുകാരും നാട്ടുകാരായ സ്ത്രീകളുമെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
പ്രവർത്തകർ പാർട്ടിപ്പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചു. അരമണിക്കൂറിനുശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നു. ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ ഒട്ടേറെയാളുകൾ അവിടെയും അന്ത്യാഞ്ജലിയേകി. രണ്ടുമണിയോടെ മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ പാർട്ടി പ്രർത്തകർ മുദ്രാവാക്യം വിളിയോടെ വിടനൽകി. പിന്നീട്, അനുശോചനസമ്മേളനവും ചേർന്നു.
ഉത്സവപ്പറമ്പിൽ അഭിമന്യുവിനുനേരേ കത്തി ഉയർന്നപ്പോൾ അവനെ പിടിച്ചുമാറ്റി രക്ഷിക്കാൻ ശ്രമിച്ച കാശിനാഥിന് അഭിമന്യുവിന്റെ ചേതനയറ്റ ശരീരം കണ്ടുനിൽക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കാശിനാഥ് കൂട്ടുകാരന് വിടനൽകിയത്. അഭിമന്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇടതുകൈക്ക് സാരമായി പരിക്കേറ്റ് കാശിനാഥ് ആശുപത്രിയിലായിരുന്നു. അവിടെനിന്നാണ് അച്ഛൻ ജയപ്രകാശിനൊപ്പം അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. വ്യാഴാഴ്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനും ആശുപത്രിക്കിടക്കയിൽനിന്നാണു കാശിനാഥ് പോയത്. അപ്പോൾ അഭിമന്യുവിന്റെ മരണവിവരം അറിയിച്ചിരുന്നില്ല. പരിക്കേറ്റ് ആശുപത്രിയിലാണെന്നുമാത്രമാണ് പറഞ്ഞിരുന്നത്.
വിഷുദിനമായ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിന്റെ കൊലപാതകം നടന്നത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു.
അഭിമന്യുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഒട്ടേറെ നാട്ടുകാരും സിപിഎം., ഡിവൈഎഫ്ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാം തടിച്ചു കൂടി. ഉച്ചയ്ക്ക് 12.30-ഓടെ വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുവന്നത്. സിപിഎം., ഡിവൈഎഫ്ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാം മുദ്രാവാക്യംമുഴക്കി വിലാപയാത്രയിലുണ്ടായിരുന്നു. അഭിമന്യുവിന്റെ വീടിനുതൊട്ടടുത്തുള്ള സിപിഎം. വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് മുറ്റത്തെ പന്തലിലും മൃതദേഹം പൊതുദർശനത്തിനുവെച്ചു. നാട്ടുകാരും പാർട്ടി പ്രവർത്തകരും അടക്കമുള്ളവർ അവിടെ അന്ത്യോപചാരം അർപ്പിച്ചു.
അഭിമന്യുവിന്റെ മൃതദേഹംവഹിച്ചുള്ള വിലാപയാത്രയ്ക്കിടെ വീടിനുനേരേ അക്രമം നടന്നു. ആർഎസ്എസ്. പ്രവർത്തകനായ എം.ആർ. ജങ്ഷൻ മാലതി മന്ദിരത്തിൽ അനന്തകൃഷ്ണന്റെ വീടിനുനേരേയാണ് അക്രമം നടന്നത്. വീടിന്റെ ജനാലകളുടെ ചില്ലുകൾ പൂർണമായും കല്ലെറിഞ്ഞുതകർത്തു. വീട്ടുമുറ്റത്തിരുന്ന രണ്ടുസ്‌കൂട്ടറുകൾക്ക് അക്രമത്തിൽ കേടുപാടുണ്ട്. കുടിവെള്ളടാപ്പും എറിഞ്ഞു തകർത്തനിലയിലാണ്. വിലാപയാത്രയ്ക്ക് ഏറ്റവുംപിന്നിൽവന്ന സംഘമാണ് അക്രമം നടത്തിയത്. ഈ സമയം അനന്തകൃഷ്ണനും അമ്മ മാലതിയും വീട്ടിലുണ്ടായിരുന്നു.
പൊലീസ് അക്രമം തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിലാപയാത്രയ്ക്കിടെ കിണറുമുക്കുമുതൽ പുത്തൻചന്തവരെ റോഡരികിൽ സ്ഥാപിച്ചിരുന്ന ബിജെപി., സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ബോർഡുകളും പ്രചാരണസാമഗ്രികളും എസ്.എഫ്.ഐ., ഡിവൈഎഫ്ഐ. പ്രവർത്തകർ നശിപ്പിച്ചു. വള്ളികുന്നം ക്ഷീരസംഘത്തിനുസമീപം ബോർഡ് എടുക്കുന്നത് പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
മറുനാടന് മലയാളി ബ്യൂറോ