കൊച്ചി : മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ. പ്രവർത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയതു പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ ഗ്രൂപ്പിലെ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും സംഘടനയിലെ നേതാക്കളാരും പ്രതിപ്പട്ടികയിൽ ഇല്ല. മഹാരാജാസ് കോളേജിലെ യുവതിയെ കേന്ദ്രീകരിച്ചും സംശയങ്ങൾ ഉയർന്നിരുന്നു. ഈ ബന്ധങ്ങളിലേക്കും പൊലീസ് അന്വേഷണം കൊണ്ടു പോയില്ല. കൊലപാതകിയെ മാത്രം കണ്ടെത്തി കുറ്റപത്രം നൽകുകയാണ് ചെയ്തത്. ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടില്ല. കാമ്പസ് ഫ്രണ്ടിൽ മാത്രമായി എല്ലാം ഒതുക്കുകയാണ് പൊലീസ് ചെയ്തത്.

നേരത്തേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അടക്കം 10 പേരെ ഈ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്കെതിരെ പിന്നീട് കുറ്റപത്രം നൽകുമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സംശയങ്ങൾ സജീവമാണ്. റിഫയെ വെറുതെ വിട്ടേക്കുമെന്നാണ് പുറത്തു വരുന്ന സൂചന. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, അന്യായമായി സംഘം ചേരൽ, മാരകായുധങ്ങളുമായി സംഘം ചേരുക, അന്യായമായി തടഞ്ഞുവെക്കുക, ഭീഷണിപ്പെടുത്തുക, തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കുക, മാരകമായി മുറിവേൽപിക്കുക, മാരകായുധങ്ങളുമായി ആക്രമിച്ച് മുറിവേൽപിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രാദേശിക നേതാക്കളിലേക്ക് മാത്രമായി അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന.

സഹൽ പ്രത്യേകപരിശീലനം ലഭിച്ചയാളാണെന്നു കൊലപാതകം നടത്തിയ രീതിയിൽ വ്യക്തമാക്കുന്നു. ഒറ്റക്കുത്തിനു മരണം ഉറപ്പാക്കുന്ന രീതിയിലായിരുന്നു ആക്രമണമെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇതേ കോളജിലെ വിദ്യാർത്ഥിയായ മുഹമ്മദാണു കേസിൽ ഒന്നാംപ്രതി. സഹലാണ് അഭിമന്യുവിനെ കുത്തിയതെന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. നെട്ടൂർ കേന്ദ്രീകരിച്ചുള്ള സംഘമാണു കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികൾക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയതും. 1500 പേജുള്ള റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണത്തിന്റെ മുഖ്യആസൂത്രകനായ ആരിഫ് ബിൻ മുഹമ്മദിന്റെ മൊഴിയിൽനിന്നാണു സഹലാണു കൊലയാളിയെന്നു വ്യക്തമായത്.

സഹലും സാനിദും മുഹമ്മദ് ഷഹീമും ആയുധവുമായി മഹാരാജാസ് ക്യാമ്പസിലെത്തിയിരുന്നെന്നു പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. ഇവരിലാരാണു കൊലയാളിയെന്ന കാര്യത്തിൽ മാത്രമായിരുന്നു സംശയം. എന്നാൽ, ആരിഫിന്റെ മൊഴി കേസിൽ നിർണായകമായി. നെഞ്ചിൽ കഠാരകൊണ്ടുള്ള കുത്തേറ്റാണ് അഭിമന്യു മരിച്ചത്. ഒൻപതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസാണ് (ചിപ്പു23) അഭിമന്യുവിനെ പിടിച്ചു നിർത്തി കൊടുത്തത്. മഹാരാജാസ് കോളജിലെ തന്നെ ഡിഗ്രി വിദ്യാർത്ഥി ജെ.ഐ. മുഹമ്മദാണു കൊലയാളിക്ക് അഭിമന്യുവിനെ ചൂണ്ടിക്കാട്ടി കൊടുത്തത്.

കുറ്റകൃത്യം നടന്ന് 90 ദിവസത്തിനു മുമ്പ് കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്കു സ്വാഭാവികജാമ്യം ലഭിക്കും. ഇതു മറികടക്കാനാണ് ഇന്നലെത്തന്നെ കുറ്റപത്രം സമർപ്പിച്ചത്. തെളിവുകൾ ശേഖരിക്കാനുണ്ടായ കാലതാമസമാണു കുറ്റപത്രസമർപ്പണവും വൈകിച്ചത്. ഏഴുപേർക്കെതിരേ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അവരും പിടിയിലായശേഷം അനുബന്ധകുറ്റപത്രം സമർപ്പിക്കും.

അരൂക്കുറ്റി വടുതല നദ്‌വത്ത് നഗർ ജാവേദ് മൻസിലിൽ ജെ.ഐ. മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം. റജീബ് (25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ എന്ന നാച്ചു (24), ആരിഫിന്റെ സഹോദരൻ എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടിൽ വി.എൻ. ഷിഫാസ് (23), നെട്ടൂർ മസ്ജിദ് റോഡ് മേക്കാട്ട് വീട്ടിൽ സഹൽ (21), പള്ളുരുത്തി പൈപ്പ്‌ലൈൻ പുതുവീട്ടിൽ ജിസാൽ റസാഖ് (21), അരൂക്കുറ്റി തൃച്ചാറ്റുകുളം നമ്പിപുലത്ത് വീട്ടിൽ മുഹമ്മദ് ഷഹീം (31), പി.എച്ച്. സനീഷ്, ആലുവ ഉളിയന്നൂർ പാലിയത്ത് വീട്ടിൽ പി.എം. ഫായിസ് (20), നെട്ടൂർ കരിങ്കാമ്പാറ വീട്ടിൽ വാടകക്ക് താമസിക്കുന്ന തൻസീൽ (25), നെട്ടൂർ മേക്കാട്ട് വീട്ടിൽ സാനിദ് (26)എന്നിവരാണ് കുറ്റപത്രം നൽകപ്പെട്ട പ്രതികൾ.

കുറ്റപത്രത്തിൽ ആക്രമണത്തിനിരയായ അർജുൻ കൃഷ്ണ, വിനീത്, രാഹുൽ എന്നിവരുൾപ്പെടെ 116 പേരെ സാക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ഉപയോഗിച്ച മൊബൈൽ ഫോണുകളും അടക്കമുള്ളവ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് മഹാരാജാസ് കോളജിലെ അറബിക് സാഹിത്യം മൂന്നാംവർഷ വിദ്യാർത്ഥി. ഇയാൾ കാമ്പസ് ഫ്രണ്ടിന്റെ മഹാരാജാസ് കോളജ് യൂനിറ്റ് പ്രസിഡന്റ് കൂടിയാണ്. രണ്ടാംപ്രതി ആരിഫ് ബിൻ സലീം കാമ്പസ് ഫ്രണ്ടിന്റെ ജില്ല സെക്രട്ടറിയാണ്. മഹാരാജാസ് കോളജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ വിദ്യാർത്ഥി സംഘടനകൾ നടത്തിയ ഒരുക്കങ്ങൾക്കിടെയാണ് ആക്രമണത്തിനുള്ള ഗൂഢാലോചന നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവം നടന്ന ജൂലൈ ഒന്നിന് രാത്രി ബോധപൂർവം പ്രകോപനം സൃഷ്ടിച്ചാണ് കൊലയാളി സംഘം അക്രമം നടത്തിയതെന്നും ആരോപിക്കുന്നുണ്ട്.

അന്ന് രാവിലെ മുതൽ നെട്ടൂർ, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിൽ പ്രതികൾ സംഘടിച്ച് ഗൂഢാലോചന നടത്തി. എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാന ഗൂഢാലോചന നടന്നത്. ഇതിന്റെ ഭാഗമായി മഹാരാജാസ് കോളജിന്റെ പിൻവശത്തെ കവാടത്തിന് സമീപം എസ്.എഫ്.ഐ പ്രവർത്തകരെഴുതിയ ചുമരെഴുത്തുകൾ മായ്ച്ച് കാമ്പസ് ഫ്രണ്ടിന്റെ പേരിൽ ചുവരെഴുതി. ഈ ചുവരെഴുത്തിന് മുകളിൽ അഭിമന്യുവിന്റെ നേതൃത്വത്തിൽ 'വർഗീയത തുലയട്ടെ' എന്ന് എഴുതി. തുടർന്ന് മുമ്പ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ മാരകായുധങ്ങളായ കത്തി, ഇടിക്കട്ട, മരവടി എന്നിവയുമായി എസ്.എഫ്.ഐ വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.