ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും കോസ്റ്റാറിക്കൻ മുൻ പ്രസിഡന്റ് ലോറ ചിൻചിലയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മെമ്പേഴ്സ് ഇലക്ഷൻ കമ്മീഷനിൽ.

ഹൈജംപ് ഒളിമ്പിക്സ് മെഡൽ ജേതാവായ സ്വീഡന്റെ സ്റ്റെഫാൻ ഹോം, ഐസ് ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണം നേടിയ യുഎസ് താരം എയ്ഞ്ചല റുഗീറോ എന്നിവർക്ക് പകരമാണ് ബിന്ദ്രയും ലോറയും കമ്മീഷനിൽ അംഗങ്ങളായത്.

ഐഒസി അംഗമെന്ന നിലയിൽ ഹോംസിന്റെ കാലാവധി ടോക്യോ ഒളിമ്പിക്സോടെ അവസാനിച്ചിരുന്നു. ആറംഗ സെലക്ഷൻ കമ്മിറ്റിയിൽ ബ്രിട്ടനിലെ രാജകുമാരി ആൻ ആണ് അധ്യക്ഷ. 2010-2014 കാലയളവിലാണ് ചിൻചില കോസ്റ്റാറിക്കൻ പ്രസിഡന്റായി സേവനമനുഷ്ടിച്ചത്. ഐഒസി വൈസ് പ്രസിഡന്റ് സൈകിങ് യു, നാഷണൽ ഒളിമ്പിക് കമ്മിറ്റി തലവൻ റോബിൻ മിച്ചൽ, എത്യോപ്യയുടെ ഡാഗ്മാവിറ്റ് ബെർഹാനെ എന്നിവരും പാനലിലുണ്ട്.

ഐഒസി എക്സിക്യൂട്ടിവിലേക്ക് അംഗങ്ങളെ കണ്ടെത്തി ശുപാർശ ചെയ്യുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. ഐഒസിയുടെ പ്രധാന കമ്മീഷനാണ് സെലക്ഷൻ കമ്മീഷൻ. ലിംഗ-രാജ്യഭേദമന്യേ കഴിവും അറിവും മാനദണ്ഡമാക്കി അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.