- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ സമീപിച്ചിരുന്നത് ടാറ്റൂ ആർട്ടിസ്റ്റ് എന്ന നിലയിൽ; അടുപ്പം സ്ഥാപിച്ചത് നിനക്ക് എന്റെ കൂട്ടുകാരിയുടെ മുഖം എന്ന നമ്പരിറക്കിയും; പോക്സോ കേസിൽ അറസ്റ്റിലായ അഭിരാമി ചെറിയ പുള്ളിയല്ലെന്ന് പൊലീസ്
തൃശ്ശൂർ: പോക്സോ കേസിൽ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ 24കാരി അഭിരാമി പതിവായി പെൺകുട്ടികളെ വലയിലാക്കി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുമായിരുന്നെന്ന് പൊലീസ്. മുമ്പും കേസുകളിൽ ആരോപണ വിധേയയായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ യുവതി രക്ഷപെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷം മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലാണ് അഭിരാമിയെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിരാമി ചെറിയപുള്ളിയല്ലെന്നാണ് പൊലീസ് നൽകുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
ടാറ്റൂ ആർട്ടിസ്റ്റെന്ന പേരിലാണ് അഭിരാമി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരെ ചൂഷണം ചെയ്യുന്നതായിരുന്നു ഇവരുടെ പതിവ്. പെൺകുട്ടികളുമായി അടുപ്പംകൂടി അവരെ വലയിലാക്കുകയും വിട്ടുപോകാതിരിക്കാൻ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയുമായിരുന്നു യുവതിയുടെ സ്ഥിരം പരിപാടി. അടുപ്പം സ്ഥാപിക്കുന്ന പെൺകുട്ടികളെ ചൂഷണം ചെയ്യാൻ ആരംഭിക്കുന്നതോടെ കുട്ടികൾ മാനസിക സമ്മർദ്ദത്തിലാകും.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വരന്തരപ്പിള്ളി സ്വദേശി അഭിരാമിയെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. മരണപ്പെട്ട പെൺകുട്ടിയെ അഭിരാമി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്. ഇതിനായി പരമാവധി ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചു. രണ്ട് വർഷം മുമ്പും സമാനമായ കേസിൽ അഭിരാമിക്ക് നേരേ അന്വേഷണമെത്തിയെങ്കിലും തെളിവുകളില്ലാത്തതിനാൽ പൊലീസിന് ഒന്നുംചെയ്യാനായില്ല. പക്ഷേ, ഇത്തവണ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കൃത്യമായ തെളിവുകൾ ശേഖരിച്ച് അഭിരാമിയെ പിടികൂടുകയായിരുന്നു.
നേരത്തെ അന്തിക്കാട്ടെ മറ്റൊരു പെൺകുട്ടിയുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. ഇതുവഴിയാണ് കഴിഞ്ഞവർഷം ജീവനൊടുക്കിയ പെൺകുട്ടിയെയും പരിചയപ്പെടുന്നത്. ആദ്യത്തെ പെൺകുട്ടിയും സമാനമായ രീതിയിൽ രണ്ട് വർഷം മുമ്പേ ജീവനൊടുക്കി. അന്നും അഭിരാമിക്കെതിരേ ആരോപണമുയർന്നെങ്കിലും തെളിവുകളില്ലാത്തതിനാൽ നടപടിയുണ്ടായില്ല. ഇതിനുപിന്നാലെയാണ് കഴിഞ്ഞവർഷം ജീവനൊടുക്കിയ പെൺകുട്ടിയുമായി അഭിരാമി കൂടുതൽ അടുപ്പം സ്ഥാപിക്കുന്നത്.
കൂട്ടുകാരിയുടെ മുഖമാണ് നിനക്കെന്നും, നിന്നെ കാണുമ്പോൾ കൂട്ടുകാരിയെ ഓർമ്മ വരുന്നെന്നും പറഞ്ഞ് അഭിരാമി പെൺകുട്ടിയെ മാനസികമായി സമ്മർദത്തിലാക്കി. ഇതിനിടെ, പെൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെ പ്രതിയുടെ സ്വഭാവംമാറി. എങ്ങനെയും ആ ബന്ധം നിർത്തണമെന്നതായിരുന്നു ലക്ഷ്യം. പലതവണ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. മാനസികമായി തളർത്തി. ഒടുവിൽ അഭിരാമിയുടെ ഭീഷണിക്കും മാനസികപീഡനത്തിനും വഴങ്ങി ആൺസുഹൃത്തുമായി പെൺകുട്ടി അകന്നു. അഭിരാമിയുടെ നിർബന്ധത്താൽ ബന്ധം തുടരാൻ താത്പര്യമില്ലെന്ന് തീർത്തുപറഞ്ഞു. എന്നാൽ ഇതിനുശേഷവും ശാരീരികവും മാനസികവുമായ പീഡനം തുടർന്നതോടെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.
പെൺകുട്ടിയുടെ മരണശേഷം അഭിരാമിയുമായുള്ള ബന്ധത്തെക്കുറിച്ച് ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംഘം അന്വേഷണം വിപുലമാക്കിയത്. പ്രതിയുടെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. പ്രതി നിരന്തരം പീഡിപ്പിച്ചതിന്റെ തെളിവുകളാണ് ഫോണിൽനിന്ന് കണ്ടെടുത്തത്. ഇതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവും ആത്മഹത്യാപ്രേരണാക്കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.തൃശ്ശൂർ ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ. ലാൽ കുമാർ, എസ്ഐ. കെ.അനുദാസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, ദുർഗ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് ഡെസ്ക്