- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഭിഷേക് ബാനർജിക്കും ഭാര്യയ്ക്കും ഇഡിയുടെ സമൻസ്; രാഷ്ട്രീയമായി നേരിടാൻ കേന്ദ്രസർക്കാരിനെയും ബിജെപിയെയും വെല്ലുവിളിച്ച് മമതാ ബാനർജി
ന്യൂഡൽഹി: മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിക്കും ഭാര്യയ്ക്കും ഇഡിയുടെ സമൻസ്. കൽക്കരി ഇടപാടിലെ സാമ്പത്തിക ക്രമക്കേടിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ അഭിഷേക് ബാനർജിയോടും ഭാര്യ രുചിരയോടും ഇഡി നിർദേശിച്ചു. സെപ്റ്റംബർ 6ന് അഭിഷേകും രുചിരയും ഹാജരാകണമെന്നാണു നിർദ്ദേശം. അഭിഷേകുമായി ബന്ധപ്പെട്ട ഏതാനും ഐപിഎസ് ഉദ്യോഗസ്ഥരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ഡയമണ്ട് ഹാർബർ ലോക്‌സഭാംഗവും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമാണ് അഭിഷേക്. നടപടിയെ വിമർശിച്ച മമത ബാനർജി, ഭീഷണിപ്പെടുത്താതെ രാഷ്ട്രീയമായി നേരിടാൻ കേന്ദ്രസർക്കാരിനെയും ബിജെപിയെയും വെല്ലുവിളിച്ചു. നേരത്തേ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
ഈസ്റ്റേൺ കോൾഫീൽഡ്‌സ് കമ്പനിയുടെ കുനുസ്‌തോറിയ, കജോറിയ ഖനികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2020 നവംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ രുചിരയെയും ചോദ്യം ചെയ്തിരുന്നു. വിനയ് മിശ്ര, വിനോദ് മിശ്ര എന്നീ സഹോരങ്ങൾ ചേർന്ന് 1352 കോടിയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്.