തിരുവനന്തപുരം : രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചുതകർത്ത സംഘത്തിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അവിഷിത്ത് കുട്ടി സഖാവാണെങ്കിലും മൂത്തസഖാക്കളെ പോലും കൂസാത്ത മട്ടായിരുന്നു. മന്ത്രിയുടെ ഓഫീസിൽ അറ്റൻഡന്റായിട്ട് 2021 ഓഗസ്റ്റ് 10ന് നിയമിച്ചെങ്കിലും സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തുന്നത് തോന്നും പടിയായിരുന്നു. വയനാട്ടിൽ പാർട്ടി പ്രവർത്തനമായിരുന്നു കൂടുതലും. ഇടയ്ക്കിടെ ടൂറിന് വരുന്നത് പോലെ വന്നുപോകും.

കൃത്യമായി ഓഫീസിൽ വന്നില്ലെങ്കിലും മാസം ശമ്പളം കിട്ടുന്നതിന് മുടക്കമുണ്ടായില്ല. 23000-50200 എന്ന സ്‌കെലിയിലായിരുന്നു ശമ്പളം കൈപ്പറ്റിയിരുന്നത്. കുട്ടിസഖാവ് ഓഫീസിൽ വരാതെ ശമ്പളം വാങ്ങുന്നതിൽ പതിവായി ഓഫീസിൽ വന്നിരുന്ന മൂത്ത സഖാക്കളും കലിപ്പിലായിരുന്നു. ഓഫീസിൽ വരണമെന്ന നിർദ്ദേശം ഇടയ്ക്കിടെ നൽകിയിരുന്നെങ്കിലും സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്റെ ബന്ധുവെന്ന പരിഗണനയും അവിഷിത്തിന് ലഭിച്ചിരുന്നു. ഗഗാറിന്റെ മകന്റെ ഭാര്യാ സഹോദരനാണ് ഇയാൾ. അതായത് ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയൻ. ജില്ലാ സെക്രട്ടറിയുടെ മരുമകളുടെ സഹോദരനെ മന്ത്രി ഓഫീസിൽ നിയമിച്ചതും ബന്ധു നിയമനമാണ്. 

മന്ത്രി ഓഫീസുമായുള്ള ബന്ധം അത്രസുഖകരമാകാതെ വന്നതോടെ ഈമാസം തുടക്കത്തിൽ ഇനി താൻ ജോലിക്ക് വരുന്നില്ലെന്ന് അവിഷിത്ത് അറിയിച്ചെങ്കിലും ജില്ലാ സെക്രട്ടറിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷം ഒഴിവാക്കിക്കൊണ്ട് കത്ത് പൊതുഭരണവകുപ്പിന് കൊടുക്കാനായിരുന്നു മന്ത്രി ഓഫീസ് തീരുമാനിച്ചിരുന്നതായാണ് വിവരം. അതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് പൊക്കാൻ അഭിഷിത്ത് ഇറങ്ങി പുറപ്പെട്ടത്. ഇതോടെ മന്ത്രി ഓഫീസും പ്രതിക്കൂട്ടിലായി. ഉടൻ ഇയാളെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്ന കത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണവകുപ്പിന് നൽകി തടിയൂരി.

മുമ്പ് ഡോൺ ബോസ്‌കോ കോളേജ് അടിത്തു തകർക്കുമ്പോഴും അവിഷിത്ത് ഉണ്ടായിരുന്നു. അതിൽ അവിഷിത്തിനെതിരെ കേസ് എടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയൻ എന്ന നിലയിൽ വയനാട്ടിലെ പ്രധാന നേതാവായിരുന്നു അവിഷിത്ത്. ഈ ബന്ധു ബലമാണ് മന്ത്രിയുടെ ഓഫീസിൽ അവിഷിത്തിനെ എത്തിച്ചത്. ബന്ധു നിയമനങ്ങൾക്കെതിരെയുള്ള നയമെല്ലാം അവിഷിത്തിന്റെ കാര്യത്തിൽ കാറ്റിൽ പറന്നു. ഇത് സിപിഎമ്മിൽ പുതിയ വിവാദമാകും.

അവിഷിത്തിനെ ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ മാത്രമേ നടന്നിരുന്നുള്ളൂ എന്ന സത്യം മറച്ചുവച്ച് മന്ത്രി ഇന്ന് മാധ്യമങ്ങളോട് ഇയാളെ നേരത്തെ ഒഴിവാക്കിയതാണെന്ന് പറഞ്ഞതാണ് കൂടുതൽ വിവാദമായത്. സംഭവത്തിൽ നിന്ന് തടിയൂരാനുള്ള ശ്രമമായി അത് മാറി. പിന്നാലെ അഭിഷിത്ത് ഇപ്പോഴും സ്റ്റാഫായി തുടരുന്ന വിവരം മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതോടെ സംഭവം കൂടുതൽ ചൂടായി. മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

അതിനിടെ പൊലീസിനെ വെല്ലുവിളിച്ച് അവിഷിത്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്ന് അവിഷിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. ഇതോടെ അതിവേഗത്തിൽ നടപടി പൂർത്തിയാക്കി പൊതുഭരണവകുപ്പ് ഉത്തരവും ഇറക്കി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ കൂടുതൽ എസ്എഫ്ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നു എന്നാണ് വിവരം. ഇയാൾ വൈകിയാണ് സംഭവസ്ഥലത്തെത്തിയത് എന്നാണ് സിപിഎം നേതാക്കൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ ബന്ധുവെന്നതാണ് ഇതിനും തുണയാകുന്നത്. അതിനിടെ അക്രമത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരിക്കുന്നത്.

എസ്എഫ്ഐ ജില്ലാ ഘടകത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ.