തിരുവനന്തപുരം: മലയാളിയായ എബിൻ തോമസ് കഴിഞ്ഞ നാല് മാസമായി കുവൈത്ത് ജയിലിലാണ്. രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചുവെന്ന് എന്നാരോപിച്ചാണ് കുവൈത്ത് പൊലീസ് എബിനെ അറസ്റ്റ് ചെയ്തത്. നിരന്തരമായി നിയമ യുദ്ധങ്ങൾക്കം മലയാളികളുടെ പ്രാർത്ഥനകൾക്കുമൊടുവിൽ എബിൻ നിരപരാധിയാണെന്ന് തെളിഞ്ഞു. ഇതോടെ കുവൈത്ത് ജയിലിൽ കഴിയുന്ന മലയാളി യുവാവ് എബിന്റെ മോചനത്തിന് അവസരം ഒരുങ്ങി.

ഇതോടെ ഈ കേസിൽ കോടതിയിൽ നിന്നും അന്തിമ വിധി വരുന്നതോടെ കുറ്റവിമുക്തനായി എബിൻ പുറത്തു വരുന്നതിനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 1ലെ അന്തിമ വിധി എബിന് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇന്നത്തെ കോടതി നിരീക്ഷണം നൽകുന്നത്.

അതെസമയം , രാവിലെ 10.30ന് നടന്ന കോടതി നടപടിക്രമങ്ങൾക്ക് ശേഷം കേസിൽ എബിനെ കുറ്റവിമുക്തനാക്കി വിധി ഉണ്ടാവുന്നതായി അഭിഭാഷകന്റെ ഭാഗത്തു നിന്നും വാർത്ത പുറത്തു വന്നിരുന്നു .എന്നാൽ കോടതിയിൽ നിന്നുള്ള പകർപ്പ് കിട്ടിയതോടെ വിധി ഒക്ടോബർ 1ന് മാത്രമെ ഉണ്ടാവുകയുള്ളു എന്ന് അഭിഭാഷകൻ വ്യക്തമാക്കി.

2015 മാർച്ച് മുതൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ സ്റ്റാഫ് നഴ്സ് ആയി ഫഹാഹീൽ ക്ലിനിക്കിൽ ജോലി ചെയ്തു കൊണ്ടിരിക്കവേ ആയിരുന്നു എബിൻ അറസ്റ്റിലായത്. രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചു ഫെബ്രുവരി 22 നാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. എബിന്റെ അറസ്റ്റ് കുവൈത്തിലെ മലയാളി സമൂഹത്തെ കടുത്ത ആശങ്കയിലാക്കിയിരുന്നു. ജാമ്യം കിട്ടാൻ വേണ്ടി നടത്തിയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നു. മൂന്നു തവണ വിധി പറയാൻ മാറ്റി വെച്ചതോടെ കേസിന്റെ കാര്യത്തിൽ മലയാളി സമൂഹം ഏറെ ആശങ്ക പങ്കുവച്ചിരുന്നു.

എബിന്റെ ജയിൽ മോചനത്തിനായും ജാമ്യം ലഭിക്കാനായി കേസ് നടത്താൻ ധാരാളം പണവും ആവശ്യമായി വന്നിരുന്നു. സാമ്പത്തിക സഹായം വേണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ സോഷ്യൽ മീഡിയകളിൽ കൂടി പ്രവൃത്തിച്ചിരുന്നു. എബിന്റെ മോചനത്തിനായി നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സർക്കാരിന് പരാതിയും നൽകിയിരുന്നു.

തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തൻപുരയിൽ കുടുംബാംഗമാണ് എബിൻ. രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചു കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി നഴ്‌സ് എബിൻ തോമസ് നിരപരാധിയാണെന്നും ഇദ്ദേഹത്തെ പക്ഷിക്കാനായി ഇടപെടണമെന്നും ആവശ്യപ്പെട്ട് നഴ്സസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു. ഇതിനിടെയിലാണ് ഇന്ന് എബിനെ കുറ്റവാളിയല്ലെന്ന വിധത്തിൽ കോടതി നിരീക്ഷണം ഉണ്ടായിരിക്കുന്നത്.

കൈക്കൂലി മേടിച്ചു രക്ത സാമ്പിളുകളിൽ കൃത്രിമത്വം കാണിച്ചു മെഡിക്കലി ഫിറ്റ് എന്ന് റിപ്പോർട്ട് കൊടുക്കുന്ന റാക്കറ്റ് കുവൈറ്റിൽ ഉണ്ട്. അത്തരം റാക്കറ്റുകളുടെ സ്വാധീനത്തിൽ വീഴാഞ്ഞ എബിനെ അറിഞ്ഞുകൊണ്ട് ഈ ലോബി കുടുക്കിയതായാണെന്ന ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നതാണ്. ഈ വാദമാണ് എബിന്റെ സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയത്.