റിയോ: പുതിയ ദൂരവും വേഗവും ഉയരവും തേടി ലോകം ഇനി 16 നാൾ റിയോയിൽ ഒന്നിച്ചപ്പോൾ രാജ്യത്തിന്റെ ഏക വ്യക്തിഗത സ്വർണമെഡലുകാരൻ അഭിനവ് ബിന്ദ്രയാണ് ഇന്ത്യയെ മാർച്ചിങ് പാസ്റ്റിൽ നയിച്ചത്. ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. നയനാനന്ദകരമായ പ്രകാശ വിന്യാസമാണ് മേളയിൽ ഏറെ ശ്രദ്ധേയമായത് 206 രാജ്യങ്ങളിൽനിന്ന് പതിനായിരത്തിൽപ്പരം കായികതാരങ്ങൾ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ വർണാഭമായ ചടങ്ങിൽ അണിനിരന്നു. രണ്ടാഴ്ച നീളുന്ന കായികമാമാങ്കത്തിൽ 28 മത്സരയിനങ്ങളിലാണ് പോരാട്ടം. 21ന് കൊടിയിറങ്ങുമ്പോൾ 306 മെഡലുകളിൽ ലോകജേതാക്കളുടെ പേരുകൾ തെളിയും.

ചരിത്രത്തിൽ ഏറ്റവും വലിയ സംഘമാണ് റിയോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മരുന്നടിസംശയത്തിൽ കുരുങ്ങിയ അത്‌ലീറ്റുകളായ സ്പ്രിന്റർ ധരംബീർ സിങ്ങും ഷോട്ട്പുട്ട് താരം ഇന്ദർജീത് സിങ്ങുമൊഴികെ 118 പേർ ഇന്ത്യൻസംഘത്തിലുണ്ട്. ഷൂട്ടിങ്, ഗുസ്തി, അമ്പെയ്ത്ത്, വനിതാ ബാഡ്മിന്റൺ, ബോക്‌സിങ്, പുരുഷ ഹോക്കി എന്നിവയിലാണ് ഇന്ത്യൻ പ്രതീക്ഷ.

റെക്കോഡ് താരങ്ങൾ പങ്കെടുക്കുന്ന അത്‌ലറ്റിക്‌സിൽ ഇന്ത്യ ഇക്കുറി മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. 18 വനിതകളും 18 പുരുഷന്മാരുമടക്കം 36 അത്‌ലീറ്റുകളാണ് ഇന്ത്യൻസംഘത്തിലുള്ളത്. മലയാളത്തിന് അഭിമാനമായി ഒമ്പതുപേരുണ്ട് അത്‌ലറ്റിക് സംഘത്തിൽ.