ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായി ഗർഭം ധരിച്ച യുവതിയുടെ ഗർഭം അലസിപ്പിക്കാൻ സുപ്രിം കോടതി അനുമതി നൽകി. 24 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. മുംബൈയിൽ പീഡനത്തിനിരയായ യുവതി നൽകിയ ഹരജിയിലാണ് വിധി. അമ്മക്കും ഗർഭസ്ഥ ശിശുവിനും അപകടം ഉണ്ടാവുന്ന സാഹചര്യമാണെന്നും ഭ്രൂണത്തിന് അസ്വാഭാവികതയുണ്ടെന്നും വ്യക്തമാക്കി ഏഴംഗ മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭഛിദ്രത്തിന് കോടതി അനുമതി നൽകിയത്. ജസ്റ്റിസ് ജെ.എസ്.കേഹർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് അരുൺ മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. യുവതിയുടെ മനോനില കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

20 ആഴ്ചയായ ഗർഭം അലസിപ്പിക്കുന്നത് തടയുന്ന നിയമം സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റേയും മഹാരാഷ്ട്ര സർക്കാരിന്റേയും നിലപാട് ആരാഞ്ഞിരുന്നു. കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിക്ക് ജസ്റ്റിസ് ജെ.എസ്.കേഹർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. അറ്റോണി ജനറലിന്റെ റിപ്പോർട്ടിന്റെയും യുവതി ചികിത്സ തേടിയ മുംബൈയിലെ കിങ് എഡ്വാർഡ് മെമോറിയൽ ആശുപത്രിയിലെ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. യുവതിയുടെ ആരോഗ്യസ്ഥിതിയും അപകടസാധ്യതയില്ലാതെ ഗർഭഛിദ്രം നടത്തുന്നതിലെ പ്രായോഗികതയും പരിശോധിച്ച് റിപ്പോർട്ട് നൽകാൽ കിങ് എഡ്വാർഡ് മെമോറിയൽ ആശുപത്രിക്ക് വെള്ളിയാഴ്ചയാണ് കോടതി നിർദ്ദേശം നൽകിയത്.

ഭ്രൂണത്തിന് വളർച്ച എത്തികൊണ്ടിരിക്കുന്നതിനാൽ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകണമെന്ന് യുവതി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്റെ ഗർഭസ്ഥ ശിശുവിന് അസ്വാഭാവികതകളുണ്ടെന്നും കുഞ്ഞ് ജനിക്കുകയാണെങ്കിൽ അത് തന്നിൽ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും അതിനാൽ ഗർഭഛിദ്രത്തിന് അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.

1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്റ്റ് പ്രകാരം അമ്മക്കും ഗർഭസ്ഥശിശുവിനും അപകടസാധ്യതയുണ്ടെങ്കിൽ 20 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാം. ഗർഭഛിദ്ര നിയമത്തിലെ 3(2) ബി പ്രകാരം 20 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനമാണ്. ഈ വകുപ്പ് യുക്തിരഹിതവും ഏകപക്ഷീയവും ജീവിക്കാനുള്ള തന്റെ അവകാശത്തിന്റെ ലംഘനമാണെന്നും യുവതി ഹരജിയിൽ ചുണ്ടിക്കാട്ടിയിരുന്നു. ലൈംഗിക പീഡനത്തിനിരയാകുന്ന പെൺകുട്ടികൾക്കും യുവതികൾക്കും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുന്നതിന് ആശുപത്രികൾക്ക് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

പീഡനത്തിനിരയായ, അവിവാഹിതയും ദരിദ്രയുമായ തനിക്ക് കുഞ്ഞിനെ പ്രസവിച്ചു വളർത്തുകയെന്നത് സാമൂഹികമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നും യുവതി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തയാൾക്കെതിരെ യുവതിയുടെ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നു.