ന്നര പതിറ്റാണ്ട്മുമ്പ് ഗർഭഛിദ്രം നടത്തിയ സ്ത്രീ, ഇത്രകാലവും വയറ്റിൽ ചുമന്നത് അന്ന് കലക്കിക്കളഞ്ഞ കുഞ്ഞിന്റെ മൃതദേഹം! കടുത്ത വയറുവേദനയും ഛർദിയും വന്നതോടെ നടത്തിയ പരിശോധനയിലാണ് 52-കാരിയുടെ വയറ്റിൽ 15 വർഷമായി ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമുണ്ടായിരുന്നതായി കണ്ടെത്തിയത്. എന്നാൽ, അന്ന് ഗർഭഛിദ്രം നടത്തിയ ഡോക്ടർ, ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്ത് കളഞ്ഞിരുന്നതായാണ് ഇവരോട് പറഞ്ഞത്.

വർഷങ്ങളായി തുടരുന്ന വയറുവേദനയ്ക്ക് ശമനം തേടി ഇവർ കാണാത്ത ഡോക്ടർമാരില്ല. ആർക്കും ഇതുവരെ അതിന്റെ കാരണം കണ്ടെത്താനുമായില്ല. ഡോക്ടർമാർ കൊടുത്ത വേദനാസംഹാരികൾ കഴിച്ച് ആശ്വാസം കണ്ടെത്തിയിരുന്നെങ്കിലും മൂന്നുവർഷമായി നിർത്താത്ത ഛർദി കൂടി ആയതോടെയാണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയയായത്. സ്‌പെഷലിസ്റ്റ് ഡോക്ടറെക്കണ്ട സ്ത്രീയും ബന്ധുക്കളും ആ വിവരം ഞെട്ടലോടെയാണ് അറിഞ്ഞത്.

ഏറെക്കുറെ വളർച്ചയെത്തിയ ശിശുവിന്റെ മൃതദേഹമാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്. രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മൃതദേഹം ഡോക്ടർമാർ പുറത്തെടുത്തു. നാഗ്പുരിലെ ജുനാകർ സർജിക്കൽ നഴ്‌സിങ് ഹോമിലെ ഡോക്ടർമാരാണ് ഇത് കണ്ടെത്തിയതും ശസ്ത്രക്രിയ നടത്തിയതും. സ്ത്രീയുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തിയാണ് മൃതദേഹം വയറ്റിലുണ്ടായിരുന്നത്. കല്ലുപോലൊരു വസ്തു വയറ്റിലുള്ളതായാണ് സിടി സ്‌കാനിങ്ങിൽ കണ്ടതെന്ന് ഡോക്ടർ നീലേഷ് ജുനാകർ പറഞ്ഞു.

എന്നാൽ, അത് ഇത്രയും പഴക്കമുള്ള മൃതദേഹമായിരിക്കുമെന്ന് ഡോക്ടർമാരും കരുതിയില്ല. ശസ്ത്രക്രിയക്കുശേഷമാണ് അത് 'സ്‌റ്റോൺ ബേബി' എന്ന അപൂർവ പ്രതിഭാസമാണെന്ന് ഡോക്ടർമാർക്ക് മനസ്സിലായത്. ലോകത്ത് ഇതുവരെ 300 സ്‌റ്റോൺ ബേബി കേസുകളേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഗർഭപാത്രത്തിന് പുറത്തുണ്ടാകുന്ന കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ സ്റ്റോൺ ബേബിയായി മാറുന്നത്. സാധാരണഗതിയിൽ അബോർട്ട് ചെയ്യുമ്പോൾ ഇത് പുറത്തുപോകേണ്ടതാണ്. എന്നാൽ, അങ്ങനെ പുറത്തുപോകാതെ വന്നാൽ, ശരീരത്തിനുള്ളിൽത്തന്നെ കല്ലിച്ച് കിടക്കുകയാണ് ഇതിന്റെ രീതിയെന്നും ഡോക്ടർമാർ പറഞ്ഞു.

വയറ്റിൽത്തന്നെ കിടക്കുന്ന സ്റ്റോൺ ബേബി കാലക്രമേണ ശരീരത്തിന്റെ ഭാഗമായി മാറും. ഇതിന് ചുറ്റും അമ്മയുടെ ശരീരത്തിൽനിന്നുള്ള ലവണാംശങ്ങൾ അടിഞ്ഞുകൂടി അണുബാധയ്‌ക്കെതിരേ കവചം തീർക്കുകയും ചെയ്യും. ഇത്രയും പഴക്കം ചെന്ന സ്റ്റോൺബേബികൾ പുറത്തെടുത്ത ചരിത്രം അധികം കേട്ടിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.