ഡബ്ലിൻ: രാജ്യത്തെ ഗർഭിഛിദ്ര നിയമം പരിമിതമാണെന്നും അത് സ്ത്രീകളുടെ ജീവനെ അപകടത്തിലാക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കർ. നാളുകളായി അയർലണ്ടിൽ ഏറെ വിവാദങ്ങൾക്കു കാരണമായിരിക്കുന്ന അബോർഷൻ നിയമത്തിനെതിരേ ആരോഗ്യമന്ത്രിയും ആഞ്ഞടിച്ചതോടെ എന്തെങ്കിലും ഭേദഗതികൾ ഉടൻ തന്നെ അയർലണ്ടിലെ അബോർഷൻ നിയമത്തിൽ വരുമെന്ന് ഉറപ്പായി.

ഒരു മെഡിക്കൽ ഡോക്ടർ എന്ന നിലയിലും ആരോഗ്യമന്ത്രിയെന്ന നിലയിലും അബോർഷൻ നിയമത്തെ നോക്കിക്കാണുമ്പോൾ, ഇത് തീരെ പരിമിതമാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അത് സ്ത്രീയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതല്ല എന്നുമാണ് വരാദ്കർ അഭിപ്രായപ്പെട്ടത്.

ഗർഭപാത്രത്തിനു പുറത്ത് കുട്ടി ഏറെക്കാലം ആരോഗ്യത്തോടെ ജീവിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ പോലും സ്ത്രീകൾക്ക് ഗർഭസ്ഥ ശിശുവിനെ ഗർഭകാലം മുഴുവൻ ചുമക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. കുട്ടി ജനിച്ചു കഴിഞ്ഞാലും ജീവിച്ചിരിക്കില്ലെന്ന അവസ്ഥയിലാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും ലിയോ വരാദ്കർ കൂട്ടിച്ചേർത്തു. നിലവിലുള്ള സാഹചര്യത്തിൽ ഡോക്ടർമാർക്കു പോലും തീരുമാനമെടുക്കേണ്ടി വരുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇൻഡിപെൻഡന്റ് ടിഡി ക്ലെയർ ഡാലി അവതരിപ്പിച്ച പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അമ്മയുടേയും ജനിച്ചിട്ടില്ലാത്ത കുട്ടിയുടേയും ജീവനും തമ്മിൽ തുലനം ചെയ്യുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. അതേസമയം മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം കടുത്ത എതിർപ്പിനും കാരണമായിട്ടുണ്ട്. രാജ്യത്തെ ഗർഭഛിദ്ര നിയമം ഒട്ടും തന്നെ പരിമിതമല്ലെന്ന് പ്രോ ലൈഫ് ക്യാമ്പയിൻ പ്രവർത്തകർ അഭിപ്രായപ്പെട്ടു.