അതെ. അത്ര ക്രൂരഭാവമായിരുന്നു പ്രൊഫസർ വൈദർശന്. അടുത്തുകിട്ടിയാൽ നാല് തെറിവിളിക്കണമെന്ന് കരുതിയവരാണ് കൂടുതലെങ്കിൽ ഒത്താൽ നാലെണ്ണം പൊട്ടിക്കണമെന്ന് കരുതിയവരുമുണ്ടെന്ന് അറിയുമ്പോഴാണ് ഈ കഥാപാത്രത്തെ ദിലീപ് മേനോൻ എന്ന നടൻ എത്ര സ്വാംശീകരിച്ചു എന്നറിയുന്നത്. ജനഗണമന എന്ന പൃഥ്വിരാജ് ചിത്രത്തിൽ കഥ തിരിക്കുന്ന കേന്ദ്രബിന്ദുവാണ് ദിലീപ് മേനോൻ തന്മയത്വത്തോടെ അവതരിപ്പിച്ച ക്രൂരനായ പ്രൊഫസർ വൈദർശൻ.

സിനിമയിൽ 18 വർഷം മുമ്പെത്തിയ ദിലീപ് നടനാകും മുമ്പ് ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. ആന അലറലോടലറൽ എന്ന സോഷ്യൽ സറ്റയർ ആയ വിനീത് ശ്രീനിവാസൻ നായകനായ ചിത്രം കളർഫുൾ ആയിരുന്നു. ജനങ്ങൾ സിനിമ കണ്ട് പുഞ്ചിരിക്കുന്ന മുഖത്തോടെ തീയറ്റർ വിട്ട അനുഭവമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ന് നടനായതോടെ അതും ക്രൂരനായ പ്രൊഫസറായി സിൽവർ സ്‌ക്രീനിൽ നിറഞ്ഞപ്പോൾ ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം അനുഭവിച്ചതായി ദിലീപ് പറയുന്നു.

നടന്റെ ഭാവമേതുമില്ലാതെ പതിവുപോലെ തൃശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് പല ആവശ്യങ്ങൾക്കായി ദിലീപ് ഇപ്പോഴും പോകാറുണ്ട്. കഴിഞ്ഞ ദിവസം റോഡരികിൽ കാർ നിർത്തിയിറങ്ങിയപ്പോൾ തൊട്ടടുത്ത് ഒരു ലോറി വന്നു നിന്നു. ഇനി ദിലീപ് പറയട്ടെ:
'ലോറിയുടെ കിളി വിളിച്ചുചോദിച്ചു, സാർ കുന്നംകുളത്തേക്ക് എവിടെനിന്നാണ് തിരിയേണ്ടത്. കാർ ലോക്ക് ചെയ്യുകയായിരുന്ന ഞാൻ വഴി പറഞ്ഞുകൊടുത്തുകൊണ്ടാണ് തിരിഞ്ഞുനോക്കിയത്.

 

എന്നെക്കണ്ടതും ലോറി വഴിയിലുപേക്ഷിച്ച് കിളിയും ഡ്രൈവറും ചാടി മുന്നിലെത്തി. സാറല്ലെ പ്രൊഫസർ വൈദർശൻ, ജനഗണമനയിലെ. എന്ന ചോദ്യം കേട്ട് സന്തോഷത്തോടെ ചിരിച്ചപ്പോൾ സാറിനെ നേരിട്ടുകാണുമ്പോൾ കുഴപ്പക്കാരനല്ലെന്നു തോന്നുമല്ലോ എന്ന കമന്റും. അതേയെന്നു പറഞ്ഞ് ട്രാഫിക് ബ്ലോക്ക് ചൂണ്ടിക്കാട്ടി അവരെ തോളിൽ തട്ടി ലോറിയിൽ കയറ്റിവിട്ടു'. ദിലീപ് ഈ അനുഭവം പങ്കുവയ്ക്കുന്നതിൽ ഒരു കാര്യം കൂടി നമുക്ക് ബോധ്യപ്പെടും. ജീവിതത്തിൽ ഏറെ സൗമ്യനും സ്നേഹവാനുമാണ് അദ്ദേഹം. അതുകൊണ്ടാണല്ലോ സിനിമയിൽ ഒരുഭാവവും ജീവിതത്തിൽ മറ്റൊരു ഭാവവും ആർജിക്കാൻ കഴിയുന്നത്. അത് നടനു വേണ്ട മുഖാവരണം തന്നെയല്ലേ.

ജനങ്ങൾ ഏറ്റവും കൂടുതൽ പൊങ്കാലയിട്ടത് തന്റെ ഫേസ്‌ബുക്കിലാണെന്ന് ദിലീപ് പറയും. അവർ അത്രയേറെ വെറുത്തു, നിറവും ജാതിയും നോക്കി വിദ്യാർത്ഥികളെ അളക്കുന്ന പ്രൊഫസർ വൈദിയെ. ആ വെറുപ്പ് വിജയമായ ആഹ്ലാദത്തിലാണ് ദിലീപ്. ആദ്യസിനിമ സംവിധാനം ചെയ്തശേഷം മറ്റൊന്നിന്റെ പണിപ്പുരയിലിരിക്കേയാണ് ദിലീപിന് വൈദർശനാകാൻ ക്ഷണമെത്തിയത്. വിളി വന്ന വഴി ദിലീപ് പറയും:

'മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലെ മുരളീഗോപിയുടെ വേഷത്തിന്റെ ഛായ ദിലീപിനുണ്ടെന്ന് മനസിലാക്കിയ പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകരൻ ആ സാമ്യം ചൂണ്ടിക്കാട്ടി ഒരു ചിത്രം എനിക്ക് അയച്ചുതന്നു. ആലുവയിൽ രണ്ടാമത്തെ സിനിമയുമായി ബന്ധപ്പെട്ട ചില ജോലികളിലായിരുന്നു ഞാനപ്പോൾ. വൈദർശനാകാൻ ചിരിക്കുന്ന ക്രൂരമുഖം തേടിയിരുന്ന സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനും റിനി ആ ചിത്രം കൈമാറി. ഇത് കണ്ട് ഇരുവരും ഉടനെ മംഗലാപുരത്തെത്താമോ എന്ന് എന്നോട് വിളിച്ചുചോദിച്ചു.

സിനിമയിൽ ഒരു കഥാപാത്രത്തിന് അനുയോജ്യമുഖം അന്വേഷിച്ചു നടന്നിട്ടുള്ള എന്നെ സംബന്ധിച്ച് അവരുടെ അന്വേഷണം എന്നിലുറപ്പിച്ചാവും വിളിച്ചതെന്ന് ബോധ്യമുണ്ടായിരുന്നു. നേരിൽ കണ്ടതോടെ എന്നെ വൈദർശൻ എന്ന ക്രൂരനായ പ്രൊഫസറുടെ കുപ്പായം അണിയിക്കുകയായിരുന്നു.'സിനിമ പുറത്തു വന്നപ്പോൾത്തന്നെ വിവാദവും ഒപ്പം കൂടിയല്ലോ. അതിനെ എങ്ങനെയാണ് കാണുന്നതെന്ന് ചോദിച്ചാൽ സിനിമയെ കലയായി കാണണമെന്നാണ് ദിലീപിന്റെ അപേക്ഷ

'കാലമെത്ര മാറിയിട്ടും ഇന്നും ജാതി വെറി മാറാത്തവരുണ്ടെന്ന് നമുക്കറിയാം. അതിന്റെ ദൃഷ്ടാന്തമായാണ് എന്റെ കഥാപാത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വൈദർശൻ എന്ന വൈദി വിദ്യാർത്ഥി എത്ര നന്നായി ശോഭിച്ചാലും ജാതി കീഴാളനാണെങ്കിൽ പുഛിച്ചു തള്ളും. അംഗീകരിക്കില്ല. പൊളിറ്റിക്കൽ ത്രില്ലറായ സിനിമയിൽ ട്വിസ്റ്റുകൾ ഏറെ വന്നത് യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെയും തീയറ്ററിലെത്തിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമാണുള്ളത്.'

സംവിധായകൻ അഭിനേതാവാകുമ്പോൾ എന്താണ് തോന്നുന്നതെന്ന് ചോദിച്ചാൽ ദിലീപ് പറയും:
'രണ്ടും രണ്ടു ഭിന്ന മേഖലകളാണ്. സംവിധായകന് കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ട്. നിരവധിപേരോട് ഉത്തരം പറയേണ്ടയാൾ, എല്ലാവരെയും ഒപ്പം കൂട്ടിപ്പോകേണ്ടയാൾ, എല്ലാവർക്കും പ്രയോജനം ഉണ്ടാക്കേണ്ടയാൾ അങ്ങനെയങ്ങനെ. നടനാവുമ്പോൾ അത്രഭാരങ്ങളില്ല. ഏൽപിക്കുന്ന ചുമതല ഭംഗിയായി നിർവഹിച്ച് ഒരു സിനിമയെ സംവിധായകനും നിർമ്മാതാവും കാണുന്ന നിലയിലേക്ക് ആക്കി കൊടുക്കുക എന്ന ഉത്തരവാദിത്വം. അതിന് മത്സരവും വെല്ലുവിളികളും കൂടുതലുണ്ടെന്നറിയാമെങ്കിലും നാടകത്തിലൂടെ ലഭിച്ച അനുഭവം കൈമുതലായുള്ളത് ഒരു ഭാഗ്യമായി കരുതുന്നു, അതാവും പുതിയ സിനമകളിലേക്ക് ക്ഷണം ലഭിക്കാൻ കാരണമെന്നും കരുതുന്നു.'

അടിസ്ഥാനപരമായി നടനാണ് ദിലീപ് എന്ന് ജനങ്ങൾ മനസിലാക്കിയത് ഇപ്പോഴാണ്. ഏഴാം ക്ലാസിൽ നാടകാഭിനയം തുടങ്ങിയ ദിലീപ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ഡി-സോൺ ഇന്റർസോണിൽ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.എൻ ശ്രീകണ്ഠൻ നായരുടെതടക്കം പ്രമുഖ നാടകങ്ങളിൽ വേഷമിട്ടിട്ടുമുണ്ട്. ഇത് കൈമുതലാക്കി സിനിമാഭിനയം ആവും തന്റെ വഴിയെന്ന് കണ്ട് ദിലീപ് അതിനായി ശ്രമം തുടങ്ങി. എന്നാൽ, അഭിനയത്വര കൊണ്ടെത്തിച്ചത് കാമറയ്ക്ക് പിന്നിൽ സഹസംവിധായകനായായിരുന്നു. ജി.എം മനു, രഞ്ജിത്ത് ശങ്കർ, ജി. പ്രജിത്ത് എന്നീ സംവിധായകരുടെ അസിസ്റ്റന്റായി.

ഇനിയും അഭിനയമാണോ സംവിധാനമാണോ തുടരാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ദിലീപ് പറയും, 'രണ്ടും സിനിമയാണ്. അഭിനയത്തോടുള്ള ആഗ്രഹം ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ. എനിക്ക് ഒരു സ്പേസ് കിട്ടിയത് ഇപ്പോഴാണ്. എന്നെ വേണ്ട സിനിമകളിൽ തീർച്ചയായും സാന്നിധ്യമാകാൻ തന്നെയാണ് തീരുമാനം. സംവിധാനം തുടരും. ഉത്സവഛായ നൽകുന്ന ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. ജനങ്ങളെ ആസ്വദിപ്പിക്കാനാവുന്ന കല എന്ന നിലയിൽ സിനിമയെ കൊണ്ടുപോകാനാണ് എനിക്ക് താൽപര്യം.'ദിലീപ് ചിരിച്ചു.

 

സൂക്ഷിച്ചുനോക്കി. വൈദീശനെ കാണുന്നുണ്ടോ ഇവിടെ. അല്ല. അതവിടെ സ്‌ക്രീനിൽ ഉപേക്ഷിച്ചു. പക്ഷേ വൈദർശനാകാമോ എന്നു ചോദിച്ചപ്പോൾ ദിലീപിന്റെ കൊലച്ചിരിയുള്ള ഭാവം പുറത്തുവന്നു. സിനിമ കണ്ട ജനങ്ങൾ പറഞ്ഞതുപോലെ വെറുപ്പുകൊണ്ട് രക്തം തിളച്ചു. എന്റെ ഭാവവ്യത്യസം കണ്ട ദിലീപ് പറഞ്ഞു, സോറി. ഇതാണ് സിനിമയിലേക്ക് ഈ നടൻ ഒഴിച്ചുകൂടാനാവാത്തതാണെന്ന് തെളിയിക്കുന്നതും.

തൃശൂർ അരിമ്പൂർ സ്വദേശിയായ ദിലീപ് മേനോൻ ഇപ്പോൾ തൃശൂർ മിഷൻ ക്വാർട്ടേഴ്സ് റോഡിലെ നവനി ഗാർഡൻസ് എന്ന ഫ്ളാറ്റിൽ ഹലോ, പരദേശി, താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയും മോഡലും ഭാര്യയുമായ ശ്രുതിക്കൊപ്പമാണ് ദിലീപ് താമസിക്കുന്നത്. അച്ഛനും അമ്മയും മൂത്ത സഹോദരിയും അടങ്ങുന്നതാണ് കുടുംബം. സഹോദരി ഇപ്പോൾ ഓസ്ട്രേലിയയിലാണ്.

ഇപ്പോൾ ഉദയകൃഷ്ണന്റെ തിരക്കഥയിൽ ബി. ഉണ്ണക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നു. ഇത് ഈ നടന്റെ സത്വര വളർച്ചയുടെ ഭാവമായി കാണാവുന്നതാണ്.