മലപ്പുറം: വിപ്‌ളവ പാർട്ടികൾ ലാളിത്യത്തോടെ സമ്മേളനങ്ങൾ നടത്തുന്നകാലമൊക്കെ ഇനി പഴങ്കഥ. കട്ടൻചായയുടേയും പരിപ്പുവടയുടേയും സുവർണകാലമല്ല ഇതെന്ന് വ്യക്തമാക്കുന്ന സമ്മേളങ്ങനങ്ങളാണ് ഇപ്പോൾ. മലപ്പുറത്ത് ഇന്നലെ സമാപിച്ച സിപിഐ സംസ്ഥാന സമ്മേളനത്തിന് പൊടിച്ചത് അരക്കോടിയിലേറെ രൂപയെന്ന കണക്കാണ് പാർട്ടി വൃത്തങ്ങൾ തന്നെ വ്യക്തമാക്കുന്നത്. ഇതോടെ കഴിഞ്ഞമാസം തൃശൂരിൽ നടന്ന സിപിഎം സമ്മേളനത്തിന് എത്രരൂപ ചെലവായിക്കാണുമെന്ന ചർച്ചകളും തുടങ്ങി. ചെറിയേട്ടൻ ഇത്രയും ചെലവാക്കിയെങ്കിൽ വല്യേട്ടന്റെ ചെലവ് എത്രയാവുമെന്ന ചോദ്യമാണ് ഉയരുന്നത്.

മാർച്ച് ഒന്നു മുതൽ നാലു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം നടത്തിയ റോസ്ലോഞ്ച് ഓഡിറ്റോറിയത്തിന്റേയും, അനുബന്ധ പരിപാടികൾ നടത്തിയ ടൗൺഹാളിന്റേയും വാടക, പ്രതിനിധികളുടെ താമസം, ഭക്ഷണം, കൊടിതോരണങ്ങൾ, നിശ്ചലരൂപങ്ങൾ, കമാനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി അരക്കോടിയിലേറെ ചെലവായെന്ന് സംഘാടകരായ മലപ്പുറം ജില്ലാ കമ്മിറ്റി തന്നെയാണ് വ്യക്തമാക്കുന്നത്.

ശീതീകരിച്ച റോസ്ലോഞ്ച് ഓഡിറ്റോറിയത്തിന്റെ നാലു ദിവസത്തെ വാടക മാത്രം അഞ്ചുലക്ഷം രൂപയായിരുന്നു. ഇതിനുപുറമെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് താമസിക്കാനായി മലപ്പുറം, കോട്ടയ്ക്കൽ, തിരൂർ, പെരിന്തൽമണ്ണ അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളും, ലോഡ്ജുകളും മാസങ്ങൾക്കു മുമ്പുതന്നെ ബുക്ക് ചെയ്തിരുന്നു. മുൻ സമ്മേളനങ്ങളിൽനിന്നു വിഭിന്നമായി സമ്മേളന പ്രചരണാർഥം ജില്ലയിലെങ്ങും പ്രചരണബോർഡുകളും കമാനങ്ങളും സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ ഭരണത്തിലുള്ള പാർട്ടിയെന്ന നിലയിൽ സമ്മേളനത്തിന് മോടി കൂടുകയായിരുന്നു.

ടൗണിൽ മാത്രം അമ്പതിലധികം നിശ്ചലരൂപങ്ങൾ തയ്യാറാക്കിയായിരുന്നു സമ്മേളനം. രജിസ്ട്രേഷൻ സമയത്ത് പ്രതിനിധികൾക്ക് ചെറിയ ക്യാരിബാഗ് നൽകിയിരുന്നു. അതിന് പിന്നാലെ എല്ലാവർക്കും ട്രോളിബാഗും വിതരണം ചെയ്തു. സമ്മേളനനഗരയിൽ ലാവിഷ് ഉച്ചഭക്ഷണവും. പണ്ടെല്ലാം സഖാക്കൾതന്നെ എല്ലാം ഒരുക്കുന്ന കാലം മാറി. ഇത്തവണ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിക്കായിരുന്നു എല്ലാത്തിന്റേയും ചുമതല.

സമ്മേളനത്തിനായി അരക്കോടിയിലധികം രൂപ ചെലവായതായി കണക്കാക്കുന്നുവെന്ന് സ്വാഗതസംഘം ജനറൽകൺവീനറും സിപിഐ. മലപ്പുറം ജില്ലാ സെക്രട്ടറികൂടിയായ പി.പി. സുനീർ ആണ് വ്യക്തമാക്കിയത്. അവസാന ദിവസങ്ങളിലെ ചെലവുകൂടി മൂന്നുദിവസത്തിനകം വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.