തിരുവനന്തപുരം: നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നത് പൊലീസ് സ്‌റ്റേഷനിലെ മൂന്നാം മുറയെ അതേപടി ചിത്രീകരിച്ചതിന്റെ പേരിലാണ്. സിനിമയിൽ കറുത്ത നിറമുള്ള സ്ത്രീയെ നായക കഥാപാത്രം അധിക്ഷേപിക്കുന്ന രംഗമാണ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഈ ഒരു രംഗത്തിന്റെ പേരിൽ സിനിമക്കെതിരെ കടുത്ത വിമർശനം നിരൂപകർ അടക്കം ഉന്നയിച്ചു. എന്നാൽ, അവിടം കൊണ്ടും വിമർശനം നിൽക്കുന്ന മട്ടില്ല. സോഷ്യൽ മീഡിയയിൽ ട്രോളന്മാർ സിനിമയ്ക്കും സംവിധായകനുമെതിരെ ശക്തമായി തന്നെ രംഗത്തെത്തുകയുണ്ടായി.

എന്നാൽ അത്തരമൊരു വിമർശനം മനപ്പൂർവ്വമല്ലെന്നാണ് ആക്ഷൻ ഹീറോ ബിജുവിന്റെ സംവിധായകൻ എബ്രിഡ് ഷൈൻ വിശദീകരിക്കുന്നത്. ഭർതൃമതിയായ തന്നെ ശല്യം ചെയ്യുന്നുവെന്ന് സ്ത്രീ പരാതി പറയുമ്പോൾ, സാജൻ പള്ളുരുത്തിയുടെ കാമുക കഥാപാത്രത്തോട് എസ്.ഐ ബിജു നടത്തുന്ന 'ഈ സാധനത്തിനെ പ്രേമിക്കുന്നതി'നെപ്പറ്റിയുള്ള പരാമർശമാണ് വൻ പ്രതിഷേധത്തിനും വിവാദത്തിനുമിടയായത്. സദ്ഗുണ സമ്പന്നനായ പൊലീസ് ഓഫീസർ, കറുത്ത നിറമുള്ള സ്ത്രീയെ 'സാധനം' എന്നു വിശേഷിപ്പിച്ചത് വർണ/വർഗ വിവേചനമാണെന്ന വിമർശനം രൂക്ഷമായി. ഇതുസംബന്ധിച്ച് ഫേസ്‌ബുക്കിലെ 'ഇന്റർനാഷണൽ ചളു യൂണിയൻ' പേജിൽ വന്ന ഒരു ട്രോളിനെപ്പറ്റി കമന്റ് ചെയ്യവെയാണ് എബ്രിഡ് ഷൈൻ തന്റെ ഭാഗം വ്യക്തമാക്കിയത്.

സ്ത്രീയുടെ ആകാരമോ നിറമോ അല്ല എസ്.ഐയെക്കൊണ്ട് അങ്ങനെ പറയിച്ചതെന്നും പരാതി പറയുമ്പോൾ അവർ തെറിവാക്കുകൾ ഉപയോഗിക്കുന്നതായി സീനിൽ ഉണ്ടായിരുന്നുവെന്നും പിന്നീടത് മുറിച്ച് മാറ്റുകയാണെന്നും എബ്രിഡ് ഷൈൻ പറയുന്നു.

പൊലീസ് സ്റ്റേഷനിൽ അത്തരമൊരു സാഹചര്യം താൻ നേരിട്ടു കണ്ട് പൊട്ടിച്ചിരിച്ചിരുന്നുവെന്നും തെറികൂട്ടിയാണ് സ്്ത്രീ പരാതി പറഞ്ഞതെന്നും ഷൈൻ വിശദീകരിച്ചു. 'പരാതി പറയുന്നത് തെറികൂട്ടി ആയിരുന്നു. പരാതിയിലെ തെറി കട്ട് ചെയ്തപ്പോ പറ്റിപ്പോയതാണ്. ഞാൻ വെളുത്ത ആളല്ല. ഇതിലെ ആർട്ടിസ്റ്റുകളെ നിറം നോക്കി അല്ല കാസ്റ്റ് ചെയ്തത്' സംവിധായകന്റെ വാക്കുകൾ. 'ആ സ്ത്രീയുടെ നിറമല്ല. പൊലീസിന്റെ ഡയലോഗിലെ ടൈമിങ് ആണ് എന്നെ ചിരിപ്പിച്ചത്. ഏതായാലും ഇനി ശ്രദ്ധിക്കാം. നിയമബോധം ഉള്ള ഒരു പൊലീസ് ഓഫീസർ അയാളുടെ നീതി ബോധം പറയുന്നതനുസരിച്ച് സോൾവ് ചെയ്യാൻ ശ്രമിക്കുന്നു. അയാൾ ഒരു സാധാരണ മനുഷ്യനാണ് താനും. ഇതാണ് ബിജു...' സിനിമ കാണുകയും ചർച്ച ഉയർത്തിക്കൊണ്ടുവരികയും ചെയ്തവർക്ക് സംവിധായകൻ നന്ദി അറിയിക്കുകയും ചെയ്യുന്നു.

നിവിൻ പോളി നായകനായ 1983-ലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈന്റെ രണ്ടാം ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. വിമർശനങ്ങളെയും ഇകഴ്‌ത്തലുകളെയും അതിജീവിച്ച ചിത്രം ബോക്സ്ഓഫീസ് വിജയം നേടിയിരുന്നു.