- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു; മുത്തശ്ശി ഇന്ദിര അത് മനസ്സിലാക്കിയിരുന്നു; രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്; ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല; തുറന്നു പറച്ചിലുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ കറുത്ത ഏടായിരുന്നു അടിയന്തരാവസ്ഥ. വർഷങ്ങൾക്ക് ശേഷം അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു എന്നു തുറന്നു സമ്മതിച്ചു ഗാന്ധി കുടുംബത്തിലെ അംഗം രംഗത്തെത്തി. രാഹുൽ ഗാന്ധിയാണ് അടിയന്തരാവസ്ഥ തെറ്റായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. കോർണൽ സർവകലാശാല പ്രൊഫ. കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.
അടിയന്തരാവസ്ഥ തീർച്ചയായും ഒരു തെറ്റായിരുന്നു. രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരു ഘട്ടത്തിലും രാജ്യത്തെ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. എന്നാൽ, ഇന്ന് ആർ.എസ്.എസ്. രാജ്യത്തെ എല്ലാ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
1975 മുതൽ 77 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നുവെന്ന് തന്റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധി മനസിലാക്കിയിരുന്നുവെന്നും നടപടി തെറ്റാണെന്ന് പറഞ്ഞിരുന്നുവെന്നും രാഹുൽ വിശദീകരിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.
ബിജെപി. തങ്ങളുടെ സ്വന്തക്കാരെ സർക്കാർ സ്ഥാപനങ്ങളിൽ തിരുകി കയറ്റുകയാണ്. അധുനിക ജനാധിപത്യ രാജ്യങ്ങൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയിലാണ്. എന്നാൽ ഈ സന്തുലിതാവസ്ഥ ഇന്ത്യയിൽ അക്രമിക്കപ്പെടുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആർ.എസ്.എസ്. നുഴഞ്ഞു കയറി. അക്രമിക്കപ്പെടാത്ത ഒരു സ്ഥാപനവും രാജ്യത്തില്ല. ഇത് ആസൂത്രിതമായ അക്രമണമാണെന്നും രാഹുൽ ആരോപിച്ചു.
ആർ.എസ്.എസ് ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥർ തന്റെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് തന്നോട് പറഞ്ഞത് രാഹുൽ അഭിമുഖത്തിൽ ഓർത്തെടുത്തു. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് നടത്തിയ കയ്യേറ്റം വ്യക്തമാക്കുന്നതാണ് കമൽനാഥിന്റെ അനുഭവം.
'ആധുനിക ജനാധിപത്യങ്ങൾ നിലനിൽക്കുന്നത് ഭരണഘടനാസ്ഥാപനങ്ങൾ സ്വതന്ത്രവും പരസ്പര പൂരകവുമായി നിലനിൽക്കുമ്പോഴാണ്. എന്നാൽ, ഇന്ത്യയിലെ മുഴുവൻ സ്ഥാപനങ്ങളുടെയും സ്വതന്ത്ര സ്വഭാവത്തെ ആർ.എസ്.എസ്. ആസൂത്രിതമായി ആക്രമിച്ച് ഇല്ലാതാക്കുകയാണ്. ജനാധിപത്യം നശിക്കുകയാണെന്ന് ഞാൻ പറയില്ല, അതിനെ ഞെരിച്ച് കൊല്ലുകയാണെന്ന് പറയേണ്ടിവരും'- രാഹുൽ പറഞ്ഞു.
'പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിർണ്ണായകമാണെന്ന് വാദിച്ച ആദ്യയാളാണ് ഞാൻ. ബിജെപിയിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടോയെന്ന ചോദ്യം ആരും ഉയർത്തുന്നില്ലെന്നത് ബഹുരസമാണ്' - കോൺഗ്രസിലെ വിമത നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ