അബുദാബി: വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് ഫീസ് ഈടാക്കൊരുങ്ങി അബുദാബി എയർപോർട്ട്. യാത്രക്കാരിൽ നിന്ന് പ്രത്യേകം ഫീസ് ഈടാക്കുന്ന പുതിയ പരിഷ്‌കാരം ജൂലൈ മുതലാണ് നിലവിൽ വരുന്നത്. 35 ദിർഹമാണ് ഫീ ഈടാക്കുക. ജൂലൈ മുതൽ യൂസേഴ്സ് ഫീ ഈടാക്കി തുടങ്ങും.

അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം.ദുബായ് ഷാർജ വിമാനത്താവളങ്ങൾ ഇത്തരത്തിൽ യാത്രക്കാരിൽ നിന്ന് ഫീസ് ഏർപ്പെടുത്തി രണ്ടുമാസത്തിന് ശേഷമാണ് അബുദാബി വിമാനത്താവളത്തിന്റെ നടപടി. ദുബായ് വിമാനത്താവളം മാർച്ചിലും ഷാർജ വിമാനത്താവളം ഏപ്രിലിലുമാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.

അബുദാബി വിമാനത്താവളത്തിൽ നിന്ന് പോകുന്ന ഓരോ യാത്രക്കാരനും ഇതോടെ ഈ തുക നൽകണം. വാഹനത്തിലെത്തുന്നവരെയും രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിലെ ഏറ്റവും വേഗതയുള്ള ട്രാവൽ ഹബ്ബായി അബുദാബി
വിമാനത്താവളം മാറിക്കഴിഞ്ഞതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.