അബുദാബി: സ്‌കൂൾ കുട്ടികൾക്കായുള്ള ട്രാൻസ്‌പോർട്ടേഷന് ഇനി മുതൽ അബുദാബിയിൽ മിനിബസും മൈക്രോ ബസും അനുവദിക്കുകയില്ലെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. മിനിബസ്, മൈക്രോ ബസ് എന്നിവയുടെ നിരോധനം ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിലാക്കും.

ഇനി മുതൽ മിനിബസ്, മൈക്രോ ബസ് എന്നിവ സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ വാഹനമായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ സുരക്ഷാ ക്രമീകരണങ്ങളിൽ പിന്നോക്കം നിൽക്കുന്നുവെന്നും സ്‌കൂൾ ട്രാൻസ്‌പോർട്ട് നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടുവരുന്നുമെന്നുമാണ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.

കുട്ടികളുടെ സുരക്ഷയെക്കരുതി ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് സ്‌കൂളുകളും പിന്മാറണമെന്ന് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിട്ടുണ്ട്.