അബുദാബി: കെട്ടിടങ്ങളിൽ ഡിഷ് ആന്റിനകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ കർശനമാക്കുന്നു. ഇതുവരെയും നിയമം പാലിക്കാത്തവർക്ക് കനത്ത പിഴ ഈടാക്കാനാണ് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഡിഷ് ആന്റിനകൾ നീക്കം ചെയ്യാത്തവർക്ക് ഇന്നലെ മുതൽ രണ്ടായിരം ദിർഹം പിഴ ചുമത്തൽ ആരംഭിച്ചു. നഗരപരിഷ്‌കരണത്തിന്റെ ഭാഗമായി അബുദാബിയിലെ കെട്ടിടങ്ങൾക്ക് മുകളിലുള്ള ഡിഷ് ആന്റിനകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി ആറുമാസം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഫ്‌ളാറ്റുകളിലും വില്ലകളിലും നാലുഡിഷ് ആന്റിനകൾ മാത്രമേ വെക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതിൽ നിന്ന് കേന്ദ്രീകൃത സംവിധാനത്തിലൂടെ മുഴുവൻ ഫ്‌ളാറ്റുകളിലേക്കും സേവനങ്ങൾ ലഭ്യമാക്കാൻ മുനിസിപ്പാലിറ്റി നിഷ്‌കർഷിച്ചിരുന്നു.

നഗരഭംഗി കാത്തുസൂക്ഷിക്കുക എന്നതിന് പുറമേ ആന്റിനകൾ ഉറപ്പിക്കാൻ ആണികൾ അടിക്കുന്ന ചെറിയ കുഴികളിലൂടെ വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനുള്ള സാധ്യതകളും സൈനിക നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നീ കാരണങ്ങളാണ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിച്ചത്.

അബുദാബിയിലെ പല സ്ഥലങ്ങളിലും മുൻപ് ഫ്‌ളാറ്റുകളുടെ ബാൽക്കണി, വില്ലകളുടെ മതിൽ എന്നിവിടങ്ങളിലെല്ലാം ഡിഷ് ആന്റിനകൾ കാണാമായിരുന്നു. പുതിയ നിയമം വന്നതോടെ പലസ്ഥലങ്ങളിലും ഇവയെല്ലാം എടുത്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളിലും ഇത്തരത്തിൽ നിയമങ്ങൾ നടപ്പാക്കുന്നുണ്ട്. ഷാർജയിൽ നേരത്തേ തന്നെ നിയമം പ്രാബല്യത്തിലുണ്ട്.

2030ഓടെ യു.എ.ഇ.യെ ഏറ്റവും ഭംഗിയുള്ള നഗരമാക്കി മാറ്റുക എന്ന ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകളാണ് ഇതിനാധാരം. ചെറിയ കച്ചവടസ്ഥാപനങ്ങൾ കൂടുതൽ മോടി പിടിപ്പിക്കുക, പുറംഭാഗത്തെ ചില്ലിന്റെ കനം കൂട്ടുക തുടങ്ങിയവയെല്ലാം ഇതോടനുബന്ധിച്ച് കഴിഞ്ഞ മാസങ്ങളിൽ അബുദാബിയിൽ നടന്നുവരികയാണ്.