അബുദാബി: ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ പിച്ചൊരുക്കിയിരുന്ന ഇന്ത്യൻ വംശജനായ ക്യുറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഞായറാഴ്ച നടന്ന ന്യൂസീലൻഡ് - അഫ്ഗാനിസ്താൻ മത്സരത്തിനു മുമ്പാണ് ഇന്ത്യൻ വംശജനായ ക്യുറേറ്റർ മോഹൻ സിങ്ങിനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മത്സരത്തിനായി പിച്ചൊരുക്കിയതും മോഹനായിരുന്നു.

മൊഹാലി സ്വദേശിയായ മോഹൻ സിങ് മുൻ ബിസിസിഐ ചീഫ് ക്യുറേറ്റർ ദൽജിത്ത് സിങ്ങിനൊപ്പം ജോലി ചെയ്തയാളാണ്. പിന്നീട് 2000-ന്റെ തുടക്കത്തിലാണ് അദ്ദേഹം യുഎഇയിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അനുശോചനമറിയിച്ചു.

2004 സെപ്റ്റംബറിലാണ് മോഹൻ അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിന്റെ ഭാഗമാകുന്നത്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ക്യുറേറ്ററെന്ന നിലയിൽ ഇന്ത്യയിൽ പരിശീലനം നേടിയ ശേഷമായിരുന്നു ഇത്.