അബുദബി: നിങ്ങൾക്ക് വരുന്ന അപരിചിതമായ മെയ്‌ലുകൾ ഓപ്പൺ ആക്കി ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നവരാണോ നിങ്ങൾ? അതുപോലെ സ്ഥിരമായി ഓൺലൈൻ ഷോപ്പിങ് നടത്താറുണ്ടോ നിങ്ങൾ. എങ്കിൽ കരുതിയിരുന്നോളൂ. ഇമെയ്ൽ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുന്ന സംഘകൾ വ്യാപകമാകുന്നതായി അബുദബി പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. അതുകൊണ്ട് സൗജന്യമായി ലഭിക്കുന്ന ഇമെയിൽ അക്കൗണ്ടുകളുടെ സഹായത്തോടെ സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നാണ് അബുദബി പൊലീസ് പറയുന്നത്.

സാമ്പത്തിക ഇടപാടുകൾക്കായി ഇലക്ട്രോണിക് സംവിധാനങ്ങൾ കരുതലോടെ ഉപയോഗപ്പെടുത്തണം. ഇക്കാര്യത്തിൽ പൊലീസിന്റെ നിർദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണം. സ്വകാര്യ വിവരങ്ങളോ ഇടപാടിന്റെ വിശദാംശങ്ങളോ ആവശ്യപ്പെട്ട് സംശയകരമായ സാഹചര്യത്തിൽ ആരെങ്കിലും ബന്ധപ്പെടുകയാണെങ്കിൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

അപരിചിതമായ മെയിലുകളോട് ഏതെങ്കിലും തരത്തിൽ പ്രതികരിച്ചാൽത്തന്നെ അക്കൗണ്ട് സംബന്ധിച്ച പൂർണവിവരങ്ങൾ കൈക്കലാക്കാൻ ക്രിമിനൽ സംഘത്തിനു സാധിക്കും. ഇമെയിലിലെ വിവരങ്ങൾ ചോർത്തിയാണു ഭൂരിഭാഗം അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നത്. മെയിലിൽ വന്ന് കിടക്കുന്ന അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ തുറക്കാനോ പാടുള്ളതുമല്ല. സൈറ്റുകളിൽ നിന്നുള്ള ഓൺ ലൈൻ കച്ചവടവും പരമാവധി ഒഴിവാക്കണമെന്നു പൊലീസ് നിർദേശിച്ചു.

സ്വകാര്യ വിവരങ്ങളും അക്കൗണ്ട് നമ്പറുകളും ആവശ്യപ്പെടുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോടു നിർദേശിച്ചു. സ്വകാര്യ വിവരങ്ങളോ വിശദാംശങ്ങളോ ആവശ്യപ്പെട്ട് സംശയകരമായ സാഹചര്യത്തിൽ ആരെങ്കിലും ബന്ധപ്പെടുകയാണെങ്കിൽ ഉടൻ പൊലീസിനെ വിവരമറിയിക്കണം. ഇത്തരം കുറ്റകൃത്യങ്ങൾക്കും തടയാനും കുറ്റവാളികളെ കണ്ടത്തൊനും പൊലീസിന് ശേഷിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇമെയിൽ അക്കൗണ്ടിന്റെ പാസ്വേഡ് ഇടക്കിടെ മാറ്റുകയും വേണം. പൂർണമായും സുരക്ഷിതമെന്ന് ഉറപ്പുള്ള വെബ്‌സൈറ്റുകൾ വഴി മാത്രമേ ഓൺലൈനായി സാധനങ്ങൾ വാങ്ങാവൂ. വിവരങ്ങളും ഫോട്ടോകളും ഫോൺ നമ്പറുകളും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു