അബുദാബി: വിശുദ്ധ റംസാനിൽ റോഡ് സുരക്ഷാ പദ്ധതികളുമായി അബുദാബി പൊലീസ്. അബുദാബിയിലുടനീളമുള്ള ഹൈവേകളിലും ഉൾ റോഡുകളിലും റോഡ് സുരക്ഷ ഏർപ്പാടാക്കുന്നതിന്റെ ഭാഗാമായാണ് ട്രാഫിക് ആൻഡ് പെട്രോൾസ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരിക്കുന്നത്.

ട്രാഫിക് അപകടങ്ങൾക്കെതിരേയുള്ള ബോധവത്ക്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. റംസാൻ മാസത്തിൽ അപകട രഹിത യാത്ര ഉറപ്പാക്കാനാണ് നിങ്ങളുടെ സുരക്ഷിതത്വം (Your Saftey)എന്നു പേരിട്ട് ബോധവത്ക്കരണം നടത്തുന്നത്. അശ്രദ്ധയോടെയുള്ള വാഹനോടിക്കലും, അമിത വേഗതയും പ്രാർത്ഥനാ സമയങ്ങളിൽ തിരക്കേറിയ മോസ്‌ക്കിനു സമീപം വാഹനങ്ങൾ പാർക്കു ചെയ്യുന്നതുമെല്ലാം ഒഴിവാക്കാനാണ് ട്രാഫിക് പൊലീസ് നിർദേശിക്കുന്നത്.

റംസാൻ മാസത്തിലുടനീളം ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ ഏവരും തയാറാകണമെന്നും ലഫ്. കേണൽ അൽ സേഹി ആഹ്വാനം ചെയ്യുന്നുണ്ട്. മഗ്രിബ് പ്രാർത്ഥനയ്ക്കു തൊട്ടു മുമ്പുള്ള സമയത്ത് അമിത വേഗത്തിൽ വാഹനമോടിക്കുന്നത് പലപ്പോഴും അപകടങ്ങൾക്കു വഴിവയ്ക്കാറുണ്ട്. ഇഫ്താറിനു മുമ്പ് വീട്ടിലെത്താനുള്ള തത്രപ്പാടിലാണ് പലരും  അമിതവേഗത്തിൽ വാഹനമോടിക്കുന്നത്. വാഹനമോടിക്കുമ്പോൾ സീറ്റ്  ബെൽറ്റ് ഇടാനും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാനും കഴിവതും ശ്രമിക്കണമെന്നും നിർദേശമുണ്ട്. വാഹനങ്ങൾ തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ ഇടാനും മറക്കരുത്.
കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളിൽ വേഗത കുറയ്ക്കാനും അവർക്കു മുൻഗണന നൽകാനും ശ്രമിക്കണം.

കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ സ്ഥാപിച്ചിരിക്കുന്ന മേൽപ്പാലങ്ങളും അടിപ്പാതകളും സീബ്രാ ക്രോസിങ്ങുകളും ഉപയോഗിക്കണം. റമസാനിലും ഈദുൽ ഫിത്ർ അവധിക്കാലത്തും അബുദാബി ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് പ്രത്യേക ബോധവൽക്കരണ പരിപാടികൾ നടത്തും.