അബൂദബി: നീന്തലും ഓട്ടവും സൈക്‌ളിങ്ങും ഒരുമിച്ച് കായികതാരങ്ങളുടെ കായിക ക്ഷമതയും മത്സര ശേഷിയും പരീക്ഷിക്കുന്ന ലോക ട്രയാത്‌ലണിന് അബൂദബി ഒരുങ്ങി. ലോകത്തിലെ മുൻനിര കായികതാരങ്ങൾ പങ്കെടുക്കുന്ന ട്രയാത്‌ലൺ ശനിയാഴ്ച അബൂദബി കോർണിഷിലാണ് നടക്കുക.

ഇതോടൊപ്പം സംഘടിപ്പിക്കുന്ന ജൂനിയർ ട്രയാത്‌ലണും അക്വാത്‌ലോണും വെള്ളിയാഴ്ച കോർണിഷിൽ നടക്കും. പരിപാടിയുടെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ അബൂദബിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട.

 ഈ വർഷത്തെ അബൂദബി ട്രയാത്‌ലൺ ഒളിമ്പിക്‌സ് ദൂരക്രമം അനുസരിച്ചാണ് നടക്കുന്നത്. ഒളിമ്പിക് യോഗ്യതക്കായും പരിഗണിക്കും. 1500 മീറ്റർ നീന്തൽ, 40 കിലോമീറ്റർ സൈക്‌ളിങ്, പത്ത് കിലോമീറ്റർ ഓട്ടം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അഞ്ച് കിലോമീറ്റർ വീതമുള്ള എട്ട് ലാപ്പുകളിലായാണ് സൈക്‌ളിങ് നടക്കുക. രണ്ടര കിലോമീറ്റർ വീതമുള്ള നാല് ലാപ്പുകളിൽ ഓട്ടവും 750 മീറ്റർ വീതമുള്ള രണ്ട് ലാപ്പിൽ നീന്തലും നടക്കും. അബൂദബി കോർണിഷും തിയറ്റർ റോഡും മറീന മാൾ പരിസരവും കേന്ദ്രീകരിച്ചാണ് പ്രധാനമായും മത്സരങ്ങൾ നടക്കുക.

വെള്ളിയാഴ്ച നടക്കുന്ന ജൂനിയർ ട്രയാത്‌ലണിലും അക്വാത്‌ലോണിലും അഞ്ച് മുതൽ 17 വരെ വയസ്സുള്ള കുട്ടികൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും. കോർണിഷിൽ നടക്കുന്ന പരിപാടിയിൽ 300ലധികം കുട്ടികൾ പങ്കെടുക്കും. അഞ്ച് എട്ട് പ്രായപരിധിയിലുള്ളവർക്കായി 50 മീറ്റർ നീന്തലും 100 മീറ്റർ ഓട്ടവും ഒമ്പത് 15 പ്രായപരിധിയിലുള്ളവർക്കായി 200 മീറ്റർ നീന്തലും ഒന്നര കിലോമീറ്റർ ഓട്ടവുമാണ് നടക്കുക. ജൂനിയർ ട്രയാത്‌ലൺ സൂപ്പർ സ്പ്രിന്റ് 11 17 പ്രായപരിധിയിലുള്ളവർക്കാണ് നടക്കുക. 375 മീറ്റർ നീന്തൽ, പത്ത് കിലോമീറ്റർ സൈക്‌ളിങ്, രണ്ടര കിലോമീറ്റർ ഓട്ടം എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോക ട്രയാത്‌ലണിന്റെ ഭാഗമായി അബൂദബി കോർണിഷിനോട് ചേർന്ന ഭാഗങ്ങളിലാണ് ഭാഗികമായി ഗതാഗത നിരോധനം നടപ്പാക്കുക. വെള്ളി, ശനി ദിവസങ്ങളിൽ റോഡുകളിൽ ഗതാഗതം നിരോധിക്കും.

അബൂദബി തിയറ്റർ റോഡിന്റെ ഇരു വശങ്ങളും, ബ്രേക്ക് വാട്ടർ, മറീന മാൾ റിങ് റോഡിൽ ഹെറിറ്റേജ് വില്ലേജ് വരെ ഭാഗങ്ങളിലാണ് വെള്ളി മുതൽ ശനി രാത്രി ഒമ്പത് വരെ ഗതാഗത നിരോധനം ഉണ്ടാകുക. ശനിയാഴ്ച മറീന മാളിനോട് ചേർന്ന കോർണിഷ് റോഡും അടച്ചിടും. ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയാണ് എയർപോർട്ട് റോഡ് അടക്കുക.