അബൂദബി: തലസ്ഥാന നഗരിയിലെ ടാക്‌സി സേവനം കൂടുതൽ സ്മാർട്ടാകുന്നു. ടാക്‌സികളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തിയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടാക്‌സി നിരക്കുകൾ നൽകാനുള്ള സൗകര്യങ്ങൾ നൽകിയുമാണ് സെന്റർ ഫോർ റെഗുലേഷൻ ഓഫ് ട്രാൻസ്‌പോർട്ട് ബൈ ഹയർ കാർസ് സേവനങ്ങൾ കൂടുതൽ സ്മാർട്ടാക്കുന്നത്.

വൈഫൈ സംവിധാനത്തോടെ ടാക്‌സി സർവീസ് നടത്തുന്നതിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായിട്ടുണ്ട്. ഏഴ് സീറ്റുള്ള അഞ്ച് മെഴ്‌സിഡസ് ബെൻസ് സിൽവർ ടാക്‌സികളിലാണ് ആദ്യഘട്ടത്തിൽ വൈഫൈ സംവിധാനം ലഭ്യമാക്കിയത്. അധിക നിരക്ക് ഈടാക്കാതെ തന്നെ ഈ സേവനം യാത്രക്കാർക്ക് ഉപയോഗിക്കാനാകും.

കൂടുതൽ വാഹനങ്ങളിലേക്ക് വൈഫൈ സേവനം വൈകാതെ വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം എയർപോർട്ട് ടാക്‌സികളിൽ യാത്ര ചെയ്യുന്നവർ ഇനി കൈയിൽ പണമില്ലാത്തതിനാൽ പ്രയാസപ്പെടേണ്ടി വരില്ല. ഈ ടാക്‌സികളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. വിമാനത്താവളത്തിലും മറ്റും വന്നിറങ്ങുന്ന വിദേശികൾ അടക്കമുള്ളവർ കൈയിൽ പണമില്ലാത്തതിന്റെ പേരിൽ പ്രയാസം അനുഭവിക്കുന്നത് ഒഴിവാക്കുന്നതിനായാണ് നടപടി.

അതേസമയം, അബൂദബിയിൽ ടാക്‌സി നിരക്കുകൾ കൂട്ടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും ഇത്തരം ഒരു നീക്കവും ഇല്‌ളെന്നും അധികൃതർ അറിയിച്ചു. അബൂദബിയിലെ നാല് മാളുകളിൽ ആരംഭിച്ച 'എല്ലാ സിൽവർ ടാക്‌സികൾക്കും ഒരേ നിരക്ക്' എന്ന
പ്രചാരണ പരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.