തിരുവനന്തപുരം: ഡോ. എം വി വിഷ്ണു നമ്പൂതിരിക്കും കെ പി രാമനുണ്ണിക്കും ഏഴാച്ചേരിക്കും പ്രശാന്ത് നാരായണനും അബുദാബി ശക്തി പുരസ്‌കാരം. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ അബുദാബി ശക്തി അവാർഡുകൾ പുരസ്‌കാരസമിതി ചെയർമാൻ പി കരുണാകരൻ എംപിയാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ശക്തി-ടി കെ രാമകൃഷ്ണൻ പുരസ്‌കാരത്തിനാണു ഡോ. എം വി വിഷ്ണു നമ്പൂതിരി അർഹനായത്. നാടോടിവിജ്ഞാനീയ രംഗത്ത് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.

നോവൽ വിഭാഗത്തിലാണ് കെ പി രാമനുണ്ണി അർഹനായത്. 'ദൈവത്തിന്റെ പുസ്തകം' നോവലാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. 'ഇലത്തുമ്പിലെ വജ്രദാഹം' കവിതയിലൂടെ ഏഴാച്ചേരി രാമചന്ദ്രൻ, 'ഛായാമുഖി' നാടകത്തിന് പ്രശാന്ത് നാരായണൻ, 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' ചെറുകഥയ്ക്ക് അർഷാദ് ബത്തേരി, വിജ്ഞാന സാഹിത്യത്തിൽ 'ഇന്ത്യൻ ഔഷധമേഖല ഇന്നലെ ഇന്ന്' കൃതിയിലൂടെ ഡോ. ബി ഇക്‌ബാൽ, ബാലസാഹിത്യ വിഭാഗത്തിൽ'വനങ്ങളിലൂടെ ഒരു അറിവ് യാത്ര' രചനയ്ക്ക് സി ജെ അലക്‌സ് എന്നിവരും പുരസ്‌കാരം നേടി.

സാഹിത്യ നിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരൻ പുരസ്‌കാരം പി കെ കനകലതയ്ക്കാണ്. 'കെ സരസ്വതിയമ്മ, ഒറ്റവഴി നടന്നവൾ' കൃതിക്കാണ് പുരസ്‌കാരം. ഇതരസാഹിത്യത്തിനുള്ള ശക്തി എരുമേലി പരമേശ്വരൻപിള്ള പുരസ്‌കാരത്തിന് 'എ കെ ജി: ഒരു സമഗ്ര ജീവചരിത്രം' ഗ്രന്ഥത്തിലൂടെ ഡോ. ചന്തവിള മുരളി അർഹനായി.

സാഹിത്യവിഭാഗത്തിലെ കൃതികൾക്ക് ഓരോന്നിനും 15,000 രൂപയും ബാലസാഹിത്യത്തിന് 10,000 രൂപയുമാണ് പുരസ്‌കാരത്തുക. പ്രശസ്തിഫലകവും സമ്മാനിക്കും. പുരസ്‌കാരദാന പരിപാടി ഓഗസ്റ്റ് ആദ്യവാരം ഷൊർണൂരിൽ നടക്കും.