അബുദാബി: അബുദാബിയിൽ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ഗുണമേന്മാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. അബുദാബി പൊലീസ് നൽകുന്ന സ്‌കൂൾ ബസ് ഡ്രൈവർ കാർഡ് നേടാനുള്ള യോഗ്യതയുടെ ഭാഗമായാണ് പുതിയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. സ്‌കൂൾ അധികൃതരാണ് ആദ്യം തങ്ങളുടെ ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ആവശ്യവുമായി അപേക്ഷ സമർപ്പിക്കേണ്ടത്.അബുദാബി ക്വാളിറ്റി ആൻഡ് കൺഫോമിറ്റി കൗൺസിലാണ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

ഇതിനായി പ്രത്യേക അപേക്ഷയും 150 ദിർഹമും നൽകണം. അപേക്ഷകന്റെ പൂർണവിവരങ്ങൾ, എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, വിസാ പേജ്, ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ്സ് ഡ്രൈവിങ് സ്‌കൂളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി അപേക്ഷ യോടൊപ്പം സമർപ്പിക്കണം. ജോലി ചെയ്യുന്ന സ്‌കൂൾ മുഖേനയാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക.

ഇമെയിൽ വഴി ആവശ്യപ്പെട്ടാൽ ഇതിനാവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രത്യേക രൂപരേഖ അധികൃതരിൽ നിന്നും ലഭിക്കുന്നതാണ്. പൂർണ വിവരങ്ങളും മുഴുവൻ രേഖകളും
ഉൾപ്പെടുന്ന അപേക്ഷ സമർപ്പിച്ച് രണ്ടാഴ്ചക്കകം സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഓരോ അപേക്ഷകന്റെയും 150 ദിർഹം വീതം നാഷണൽ ബാങ്ക് ഓഫ് അബുദാബിയിലെ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ച രേഖ നൽകുകയും വേണം. സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് കഴിഞ്ഞ
വർഷമാണ് അബുദാബി പൊലീസിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാക്കിയത്. പെർമിറ്റ് ലഭിക്കണമെങ്കിൽ എമിറേറ്റ്സ് ഡ്രൈവിങ് കമ്പനിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ
സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടക്കത്തിൽ തന്നെ നിലനിന്നിരുന്നു.

ഡ്രൈവർമാർക്ക് പരിശീലനം നൽകാനായി ഓരോരുത്തരിൽ നിന്നും 2,150 ദിർഹമാണ് എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി ഈടാക്കുന്നത്. ഏതാനും ദിവസത്തെ പ്രത്യേക ക്ളാസുകളും തുടർന്ന് എഴുത്തുപരീക്ഷയും നടത്തിയാണ് പ്രാഥമിക യോഗ്യത നേടുന്നത്. എത്ര വർഷത്തെ
പഴക്കമുള്ള ഡ്രൈവർമാരായിരുന്നാലും വീണ്ടും ബസ് ഓടിപ്പിക്കുകയും ജയപരാജയം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.എഴുത്തുപരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് മാത്രമാണ് റോഡിൽ ബസ് ഓടിക്കാനുള്ള യോഗ്യത നൽകുന്നത്. ഇവയിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചവർക്കാണ് പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ഗുണമേന്മയോഗ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കേണ്ടത്. സ്‌കൂൾ ബസ് ഓടിക്കുന്നവർ പൂർണമായും യോഗ്യരാണെന്ന് അധികൃതർക്ക് ബോധ്യപ്പെട്ട ശേഷമേ സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ.