- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബസിലെ മലയാളി വിദ്യാർത്ഥിനിയുടെ മരണം: കുറ്റം നിഷേധിച്ച് പ്രതിപ്പട്ടികയിലുള്ളവർ; തുടർ വിചാരണ നവംബർ 19 ന്
അബൂദബി: സ്‌കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഇന്നലെ ആരംഭിച്ച വിചാരണയിൽ പ്രതിസ്ഥാനത്തുള്ളവർ കുറ്റം നിഷേധിച്ചു. ബസ് ഡ്രൈവർ, ബസ് സൂപ്പർവൈസർ, സ്‌കൂൾ റിസപ്ഷനിസ്റ്റ്, സ്‌കൂൾ പ്രിൻസിപ്പൽ, ബസ് കമ്പനി ഉടമ എന്നിങ്ങനെ അഞ്ച് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഈ പ്രതികൾ എല്ലാം തന്നെ കോടതി മുമ്പാകെ കുറ്റം നിഷേധിച്ചു. നാ
അബൂദബി: സ്‌കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഇന്നലെ ആരംഭിച്ച വിചാരണയിൽ പ്രതിസ്ഥാനത്തുള്ളവർ കുറ്റം നിഷേധിച്ചു. ബസ് ഡ്രൈവർ, ബസ് സൂപ്പർവൈസർ, സ്‌കൂൾ റിസപ്ഷനിസ്റ്റ്, സ്‌കൂൾ പ്രിൻസിപ്പൽ, ബസ് കമ്പനി ഉടമ എന്നിങ്ങനെ അഞ്ച് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഈ പ്രതികൾ എല്ലാം തന്നെ കോടതി മുമ്പാകെ കുറ്റം നിഷേധിച്ചു.
നാല് വയസ്സുള്ള കണ്ണൂർ സ്വദേശിനിയായ നിസ ആല എന്ന വിദ്യാർത്ഥിനി രണ്ടാഴ്ച മുമ്പാണ് സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ചത്. സ്‌കൂളിൽ പോകാൻ ബസിൽ കയറിയ വിദ്യാർത്ഥിനിയെ ഇറക്കുവാൻ മറന്നുപോയതിനെ തുടർന്നാണ് അപകടമുണ്ടായത്.അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിലെ കെ.ജി. വൺ വിദ്യാർത്ഥിനിയായിരുന്നു നിസ ആല. സംഭവം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് വിചാരണ ആരംഭിക്കുന്നത്.
കുട്ടിയുടെ മരണത്തിന് ഉത്തരവാദിയാണെന്ന കുറ്റം പാക്കിസ്ഥാൻ സ്വദേശിയായ ബസ് ഡ്രൈവർ നിഷേധിച്ചു. കുട്ടികളെ കൊണ്ടുവരുകയും സ്‌കൂളിൽ എത്തിക്കുകയുമാണ് തന്റെ ജോലിയെന്ന് ഡ്രൈവർ പറഞ്ഞു. കുട്ടികളുമായി ഒരു ബന്ധവും പുലർത്താൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുണ്ടായിരുന്നതായും ഡ്രൈവർ മൊഴി നൽകി.കൃത്യവിലോപത്തിലൂടെ കുട്ടിയുടെ മരണത്തിന് കാരണക്കാരിയായെന്ന കുറ്റം ഫിലിപ്പൈൻസ് സ്വദേശിനിയായ ബസ് സൂപ്പർവൈസറും നിഷേധിച്ചു. ബസിന്റെ മധ്യത്തിലൂടെ നടന്ന് കുട്ടികൾ ഇറങ്ങിയോ എന്ന് പരിശോധിച്ചിരുന്നതായി ഇവർ പ്രോസിക്യൂഷൻ മുമ്പാകെ മൊഴി
നൽകിയിരുന്നതായി അഭിഭാഷകർ കോടതിയെ അറിയിച്ചു. എന്നാൽ, ക്ലീനർ തസ്തികയിലേക്ക് നിയമിച്ച സ്ത്രീ കുട്ടികളുടെ കാര്യങ്ങൾ ചെയ്യാൻ കൂടി നിർബന്ധിതയാകുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌കൂൾ റിസപ്ഷനിസ്റ്റായ ലബനീസ് യുവതിയും കുട്ടികൾ സ്‌കൂളിനകത്ത് കയറിയതിന്റെ കണക്കെടുക്കാത്തതിനാൽ വിചാരണയ്ക്ക് വിധേയയായി.
ഏതെല്ലാം കുട്ടികൾ സ്‌കൂളിൽ എത്തിയെന്ന് പരിശോധിക്കുകയെന്ന ഉത്തരവാദിത്തമുള്ള സ്‌കൂൾ റിസപ്ഷനിസ്റ്റും കുറ്റം നിഷേധിച്ചു. കുട്ടികൾ എത്തിയോ എന്ന് പരിശോധിക്കുക തന്റെ ഉത്തരവാദിത്വങ്ങളിൽ പെട്ടതല്ലെന്ന് ഇവർ പറഞ്ഞു. സ്‌കൂളിലത്തെിയ കുട്ടികളുടെ പട്ടിക തയാറാക്കൽ തന്റെ ജോലിയാണെന്നും മറ്റൊരു ജീവനക്കാരിയെ ഇക്കാര്യംഏൽപിച്ചിരുന്നുവെന്നും ലബനീസ് സ്വദേശിനിയായ റിസപ്ഷനിസ്റ്റ് പ്രോസിക്യൂഷൻ മുമ്പാകെ മൊഴി നൽകിയിരുന്നു.
മരണം നടന്ന ദിവസം മറ്റ് ജോലികളുടെ തിരക്ക് മൂലം കുട്ടികളുടെ പട്ടിക പരിശോധിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബലിപ്പെരുന്നാൾ അവധി കഴിഞ്ഞ ഉടെനയായിരുന്നതിനാൽ നിരവധി കുട്ടികൾ അവധിയായിരുന്നുവെന്നും അവർ മൊഴി നൽകിയിരുന്നു.ട്രാൻസ്‌പോർട്ട് കമ്പനിയിൽ നിന്ന് സ്‌കൂൾ സുരക്ഷാ നിലവാരം പുലർത്താത്തതും ലൈസൻസ് ഇല്ലാത്തതുമായ ബസുകൾ വാടകക്കെടുക്കുകയും കുട്ടികളുടെ ജീവന് അപകടം സൃഷ്ടിക്കുകയുംചെയ്‌തെന്ന കുറ്റമാണ് പ്രിൻസിപ്പലിന് മേൽ ചുമത്തിയിരിക്കുന്നത്. കുട്ടികളെ കൊണ്ടുവരുന്നതിന് കമ്പനിയെ ചുമതലപ്പെടുത്തിയത് താൻ മാത്രമല്ലെന്ന് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ പ്രിൻസിപ്പൽ കോടതിയിൽ പറഞ്ഞു.
കേസ് തുടർവിചാരണക്കായി നവംബർ 19 ലേക്ക് മാറ്റി.സംഭവത്തിൽ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.