അബൂദബി: മൊബൈൽ ആപ്‌ളിക്കേഷനിലൂടെ ടാക്‌സി സേവനം ലഭ്യമാക്കുന്ന കമ്പനികൾക്ക് അബൂദബിയിൽ പുതിയ നിയമം ഏർപ്പെടുത്തുന്നു. ഇത്തരം കമ്പനികളുടെ രജിസ്‌ട്രേഷനും പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നിയമം കൊണ്ടുവരുന്നത്. നിലവിൽ മൊബൈൽ ആപ് ടാക്‌സി സേവന കമ്പനികളെ നിയന്ത്രിക്കാൻ യു.എ.ഇയിൽ നിയമമില്ല.

പുതിയ നിയമമനുസരിച്ച് മൊബൈൽ ആപ് ടാക്‌സി സേവന കമ്പനികൾക്ക് സ്വകാര്യ ആഡംബര വാഹന വാടക കമ്പനികളുടെ കാറുകൾ മാത്രമേ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാവൂ. വാടക കമ്പനികളുടെ പ്രതിഫല ഘടന കർശനമായി പാലിക്കണം. മൊബൈൽ ആപ് ടാക്‌സി സേവന കമ്പനികൾ ഉപയോഗപ്പെടുത്തുന്ന കാറുകളുടെയും ഡ്രൈവർമാരുടെയും പട്ടിക ഗതാഗത നിയന്ത്രണ കേന്ദ്രത്തിന് (ട്രാൻസാഡ്) അയച്ചുകൊടുക്കുകയും വേണം. ട്രാൻസ് ആഡിൽ ഇത്തരം ആപ്‌ളിക്കേഷനുകൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഉൾപ്പെടുന്നതായിരിക്കും പുതിയ നിയമമെന്ന് ട്രാൻസാഡ് ജനറൽ മാനേജർ മുഹമ്മദ് ദർവീഷ് ആൽ ഖംസി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പുതിയ നിയമം ഉടൻ പ്രാബല്യത്തിലാവും.

ഏഴ് ടാക്‌സി കമ്പനി ശാഖകളുടെ രജിസ്റ്റർ ചെയ്ത 7,645 കാറുകളുമായാണ് ട്രാൻസാഡ് അബൂദബിയിൽ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 27ന് ഉച്ചക്ക് ശേഷമാണ് യൂബർ, കാറീം കമ്പനികൾ അബൂദബിയിൽ പൊടുന്നനെ സേവനം നിർത്തിവച്ചിരുന്നത്. കാറീം ഓഗസ്റ്റ് 31ന് സേവനം പുനരാരംഭിച്ചെങ്കിലും യൂബർ ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടില്ല. സേവനം നിർത്തിവെക്കാനുണ്ടായ കാരണമോ പുനരാരംഭിക്കുന്ന തീയതിയോ വ്യക്തമാക്കാതെ യായിരുന്നു കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചത്. താൽക്കാലികമായി മാത്രമാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് മാത്രമാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്.