അബൂദബി: വാക്സിനെടുത്തവർക്ക് അബൂദബിയിലെ യാത്രാ നിബന്ധനകളിൽ മാറ്റം. അബൂദബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമിറ്റി അംഗീകരിച്ച പുതിയ നിർദേശങ്ങൾ മെയ്‌ മൂന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇവ സ്വദേശികൾക്കും പ്രവാസികൾക്കും ബാധകമാണ്.

ഗ്രീൻ പട്ടികയിൽ ഉൾപെട്ട രാജ്യങ്ങളിൽ നിന്ന് അബൂദബിയിൽ എത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് പി സി ആർ പരിശോധന നടത്തുകയും പിന്നീട് ആറാം ദിവസം പരിശോധന ആവർത്തിക്കുകയും വേണം. എന്നാൽ ഇവർക്ക് ക്വാറന്റീൻ ബാധകമല്ല.

അതേസമയം ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിനെടുക്കാത്ത യാത്രക്കാർ വിമാനത്താവളത്തിൽ വെച്ച് പി സി ആർ പരിശോധന നടത്തുകയും പിന്നീട് ആറാം ദിവസവും പന്ത്രണ്ടാം ദിവസവും പരിശോധന ആവർത്തിക്കുകയും വേണം. എന്നാൽ ക്വാറന്റീൻ നിർബന്ധമല്ല.

മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് പി സി ആർ പരിശോധന നടത്തണം. ശേഷം അഞ്ച് ദിവസം ക്വാറന്റീൻ പൂർത്തീകരിക്കണം. രാജ്യത്തെത്തി നാലാം ദിവസം പി സി ആർ പരിശോധന ആവർത്തിക്കുകയും വേണം. വാക്സിനെടുത്ത് 28 ദിവസം പൂർത്തിയായവർക്കാണ് പുതിയ നിബന്ധന പ്രകാരം ഇളവ് ലഭിക്കണം. വാക്സിനെടുത്ത വിവരം ഇവരുടെ അൽ ഹുസ്ൻ മൊബൈൽ ആപ്ലികേഷനിൽ വ്യക്തമായിരിക്കണം.

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിനെടുക്കാത്ത യാത്രക്കാർ വിമാനത്താവളത്തിൽ വെച്ചും പിന്നീട് എട്ടാം ദിവസും പി സി ആർ പരിശോധന നടത്തണം. ഒപ്പം 10 ദിവസം ക്വാറന്റീൻ പൂർത്തീകരിക്കുകയും വേണം.