- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം സ്വന്തമാക്കി മലയാളികൾ; മൂന്ന് മലയാളി യുവാക്കൾ ചേർന്നെടുത്ത ടിക്കറ്റിന് ലഭിച്ചത് 30 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം: കഴിഞ്ഞ മാസമെടുത്ത ടിക്കറ്റ് മൂവർ സംഘത്തിന് നിരാശ സമ്മാനിച്ചപ്പോൾ ഭാഗ്യ ദേവത കോടികൾ സമ്മാനിച്ചത് അവസാനത്തെ പരീക്ഷണം എന്ന നിലയിൽ എടുത്ത ടിക്കറ്റിന്
അബുദാബി: മലയാളികൾക്ക് സർവ്വ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കുകയാണ് ഗൾഫ് രാജ്യങ്ങളിലെ ലോട്ടറി. ഇന്നലെ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ആ പതിവ് തെറ്റിയില്ല. കുവൈത്ത് മലയാളികളായ ത്രിമൂർത്തികൾക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളാണ് ഇന്നലെ ലഭിച്ചത്. വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി നോബിൻ മാത്യു, കൂടെ ജോലി ചെയ്യുന്ന മലയാളികളായ പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവർക്കാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 30 കോടിയിലേറെ രൂപ (15 ദശലക്ഷം ദിർഹം) ലഭിച്ചത്.
കോവിഡ് കാലത്ത് സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോൾ ഭാഗ്യദേവത നിധി കുംഭം പോലെ വീട്ടുമുറ്റത്തെത്തിയതിന്റെ സന്തോഷത്തിലാണ് ഈ മലയാളി യുവാക്കൾ. കഴിഞ്ഞ മാസവും ടിക്കറ്റെടുത്ത് ഇവർ ഭാഗ്യ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. അതിനാൽ തന്നെ പോക്കറ്റിൽ കിടക്കുന്ന കാശ് മുടക്കി ഇനി ഈ പരിപാടിക്കില്ലെന്ന് 38കാരനായ നോബിൻ തീരുമാനിച്ചിരുന്നു. എന്നാൽ സഹപ്രവർത്തകർ നിർബന്ധിച്ച് കൂടെ കൂട്ടിയതാണ് നോബിന്റെ ഭാഗ്യമായ്. ഇത് അവസാനത്തെ പരീക്ഷണമാണെന്ന് താനവരോട് പറഞ്ഞതായി നോബിൻ പറയുന്നു.
രാവിലെ ബിഗ് ടിക്കറ്റ് അധികൃതർ സമ്മാനം നേടിയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. സംഗതി സത്യമാണെന്ന് വിശ്വസിക്കാൻ ഏറെ സമയമെടുത്തെന്നും നോബിൻ പറയുന്നു. ഒക്ടോബർ 17നായിരുന്നു ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് ആ ടിക്കറ്റ് മൂവർ സംഘം എടുത്തത്. ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ജനിച്ച നോബിൻ കേരളത്തിലാണ് ബിരുദ പഠനം നടത്തിയത്. 2007ൽ കുവൈത്തിലെത്തി. ഭാര്യയോടും അഞ്ച് വയസുകാരൻ മകനോടുമൊപ്പമാണ് താമസം. ഏറെ പ്രയാസങ്ങളനുഭവിച്ചാണ് ഞാൻ ജീവിച്ചിരുന്നത്. ഒട്ടേറെ കമ്പനികളിൽ മാറി മാറി ജോലി ചെയ്യേണ്ടി വന്നു. ഒടുവിൽ വിജയം കണ്ടിരിക്കുന്നു നോബിൻ പറഞ്ഞു.
സമ്മാനം നേടിയശേഷം ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലേയ്ക്ക് ആശംസാ പ്രവാഹമാണ്. കുടുംബത്തോട് ആലോചിച്ച ശേഷം പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും. ഇത് തുടർച്ചയായ രണ്ടാമത്തെ പ്രാവശ്യമാണ് യുഎഇക്ക് പുറത്തുള്ളയാൾക്ക് ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം ലഭിക്കുന്നത്. കഴിഞ്ഞ മാസം സമ്മാനം നേടിയത് ബഹ്‌റൈനിൽ താമസിക്കുന്ന സൗദി പൗരൻ അഹ്മദ് അൽ ഹമീദിക്കാണ്. 254806 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ