അബുദാബി : മലയാളി സമാജം യുവജനോത്സവം-2018 കലാതിലക മായി അങ്കിതാ അനീഷ് തെരഞ്ഞെടുക്കപ്പെട്ടു. കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും പ്രച്ഛന്ന വേഷത്തിൽ മൂന്നാം സ്ഥാനവും നേടിയ അങ്കിതാ അനീഷ്, 19 പോയിന്റ് നേടിയാണ് സമാജം ശ്രീദേവി സ്മാരക റോളിങ് ട്രോഫി കരസ്ഥമാക്കിയത്. അബുദാബി മലയാളി സമാജത്തിന്റെ 2016ലെയും 2017ലെയും ശ്രീദേവി മെമോറിയൽ യുവ ജനോത്സവത്തിൽ ജൂനിയർ വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും ദുബായിൽ സാന്ത്വനം 2016 യൂത്ത് ഫെസ്റ്റിവലിൽ കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനവും അങ്കിത കരസ്ഥമാക്കിയിരുന്നു. ഒൻപത് വയസ്സിന് താഴെയുള്ള വിഭാഗത്തിൽ അഞ്ജലി വേതൂർ, സീനിയർ വിഭാഗത്തിൽ നൂറ നുജൂം എന്നിവർ വ്യക്തി ഗത ചാമ്പ്യൻഷിപ്പുകൾ നേടി. നാടക സംവിധായകൻ വക്കം ഷക്കീർ, കലാമണ്ഡലം സത്യ ഭാമ, കലാമണ്ഡലം രാജിതാ മഹേഷ് എന്നിവരാണ് വിധി കർത്താക്കൾ ആയി എത്തിയത്.