ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത പീഡനമുറകളാണ് സൂസൻ മക്കൾക്കെതിരെ നടപ്പിലാക്കിയത്. അഴുക്കുപിടിച്ച അടിവസ്ത്രം വായിൽത്തിരുകിക്കയറ്റുക. കരയാതിരിക്കാൻ വെള്ളത്തിൽ തലമുക്കിപ്പിടിക്കുക...മൂന്ന് മക്കൾക്കെിരെ അവരുടെ പീഡനം 14 വർഷത്തോളം നീണ്ടു. 25 വർഷം മുമ്പ് പീഡനപർവം അവസാനിച്ചെങ്കിലും അതിന് കണക്കുചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ് മക്കൾ. ഇപ്പോൾ 69 വയസ്സായ സൂസനെതിരെ അവർ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്.

പിങ്ക് ഫ്‌ളോയ്ഡിന്റെ പ്രശസ്തനായ എൻജിനീയർ പീറ്റർ വെയ്ൻ വിൽസണിന്റെ ഭാര്യയാണ് സൂസൻ. മക്കളായ റോസയ്ക്കും പോപ്പിക്കും ഡാനിയേലിനുമെതിരെ സൂസൻ പ്രയോഗിച്ചിരുന്ന മർദനമുറകളെക്കുറിച്ച് കേട്ട് അന്തംവിട്ടുനിൽക്കുകയാണ് പീറ്ററിപ്പോൾ. അടിയും ഇടിയും തൊഴിയുമൊക്കെ നേരിട്ട, 1979 മുതൽ 1993 വരെയുള്ള കാലം കോടതിയിൽ വിവരിച്ച മക്കൾ അമ്മയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഉറച്ച നിലപാടിലാണ്.

അമ്മയുടെ പീഡനങ്ങൾ അധികമായപ്പോൾ അവരെ എങ്ങനെ ഇല്ലാതാക്കാമെന്നുപോലും താൻ ആലോചിച്ചിരുന്നതായി പോപ്പി കോടതിയെ അറിയിച്ചു. അമ്മയെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തുന്ന കാര്യം പോലും ചിന്തിച്ചിരുന്നതായി ഇയാൾ കോടതിയിൽ മൊഴിനൽകി. അഞ്ച് മക്കളാണ് ഇവർക്കുണ്ടായിരുന്നത് അതിൽ ദത്തുപുത്രനായ ഡാനിയേലിന് നേർക്കായിരുന്നു കൂടുതൽ പീഡനം. മർദനമേറ്റ് കരയുമ്പോൾ ഡാനിയേലിനെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വെള്ളത്തിൽ മുക്കിപ്പിടിച്ചിരുന്നു.

ബ്ലാക്ക്ഫ്രയാൽ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ പഴയകാല ദുരനുഭവങ്ങൾ മ്ക്കൾ ഓരോന്നായി പറയുമ്പോൾ തരിച്ചിരിക്കുകയാണ് ഇവരുടെ അച്ഛൻ പീറ്റർ. തനിക്ക് കുറ്റബോധമുണ്ടെന്ന് ഈ 71-കാരൻ പറയുന്നു. എന്നാൽ, അച്ഛൻ അൽപം തനിക്ക് നട്ടെല്ലുണ്ടെന്ന് കാണിക്കാൻ വൈകിയെന്ന് റോസ പൊലീസിനോട് പറഞ്ഞു. അമ്മയുടെ ചെയ്തികളെ വെള്ളപൂശാനാണ് പീറ്റർ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സൂസനുമായി പിരിഞ്ഞ് ജീവിക്കുകയാണ് പീറ്ററിപ്പോൾ.

2015-ലാണ് റോസയും ഡാനിയേലും ഈ പീഡനങ്ങളെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. 14-ാം വയസ്സിൽ റോസ വീടുവിട്ടതോടെയാണ് പീഡനങ്ങൾ കുറെ അവസാനിച്ചത്. നോർത്ത് യോർക്ക്ഷയറിലെ വലിയ വീട്ടിൽനിന്ന് ചെറിയ താമസസ്ഥലത്തേയ്ക്ക് മാറിയതിനുശേഷമായിരുന്നു പീഡനം തുടങ്ങിയതെന്ന് റോസ പൊലീസിനോട് പറഞ്ഞു. തന്റെ കുട്ടിക്കാലത്തുടനീളം പീഡനം നേരിടേണ്ടിവന്നതായി ഡാനിയേൽ മൊഴിനൽകി. സസക്‌സിലെ യൂക്ക്ഫീൽഡ് കമ്യൂണിറ്റി ടെക്‌നോളജി കോളേജിൽ അദ്ധ്യാപകനാണ് ഡാനിയേലിപ്പോൾ.