ന്യൂഡൽഹി: സ്വന്തം ചിത്രത്തിനു പകരം മോഡലിന്റെ ചിത്രംവച്ച് പോസ്റ്റർ തയ്യാറാക്കിയ വിദ്യാർത്ഥി നേതാവിന്റെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം. തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥി നിയമനടപടിക്കൊരുങ്ങുന്നു.

ഡൽഹി സർവകലാശാലാ തിരഞ്ഞെടുപ്പിലാണ് എബിവിപി സ്ഥാനാർഥി സ്വന്തം ചിത്രത്തിനു പകരം മോഡലിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റർ അടിച്ചത്. യൂണിയൻ സെക്രട്ടറിയായി മൽസരിച്ചു വിജയിച്ച കനിക ഷെഖാവത്താണ് പ്രശസ്ത മോഡൽ വി ജെ നൗഹീദ് സൈറസിയുടെ ചിത്രം ഉപയോഗിച്ച് വോട്ടർമാരെ കബളിപ്പിച്ചത്. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഈ പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

തങ്ങളെ ചതിക്കുകയാണ് ഈ നടപടിയിലൂടെ എബിവിപി ചെയ്തതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സാധാരണയായി സർവകലാശാല തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഓഫ് കാംപസ് കോളജുകളിൽ സ്ഥാനാർഥികൾ സന്ദർശനം നടത്താറില്ല. പോസ്റ്ററുകളിലൂടെയാണ് സ്ഥാനാർഥികളെ കുറിച്ച് വിദ്യാർത്ഥികൾക്ക് വിവരം ലഭിക്കുന്നത്.

തന്നെ കാണാൻ സൗന്ദര്യമില്ലെന്ന തോന്നലാകാം എബിവിപി സ്ഥാനാർഥി കനികയെക്കൊണ്ട് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യിച്ചതെന്ന് സർവകലാശാലയ്ക്ക് കീഴിലെ വെസ്റ്റ് ഡൽഹി കോളേജ് വിദ്യാർത്ഥിനി സ്വാതി സിൻഹ പറഞ്ഞു.

3022 വോട്ടിനാണ് എൻഎസ്‌യു സ്ഥാനാർഥി അമിത് ടീമയെ കനിക തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ എബിവിപി നടത്തുന്ന മോശം പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ് മറ്റൊരാളുടെ പേരിൽ പോസ്റ്റർ പതിച്ചതെന്ന് എൻഎസ്‌യു ആരോപിച്ചു. എന്നാൽ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻഎസ്‌യുവിന്റെ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നാണ് എബിവിപിയുടെ ആരോപണം.

എന്തായാലും എബിവിപിയുടെ ചെയ്തികൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് എൻഎസ്‌യു സ്ഥാനാർഥി. അതേസമയം, തങ്ങൾക്കെതിരായി ഗൂഢാലോചന നടത്തിയതിന് പൊലിസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കനിക ഷെഖാവത്ത് പറഞ്ഞു.