ന്യൂഡൽഹി: വിദ്യാർത്ഥികളെ അടിച്ചമർത്തി ഭരണം നടത്തുന്ന ഒരു സർക്കാരിന്റെ നാവാകാൻ തങ്ങളില്ലെന്നാണു ജെഎൻയുവിലെ എബിവിപി വിദ്യാർത്ഥികൾക്കു പറയാനുള്ളത്. ജെഎൻയു വിഷയത്തിൽ പ്രതിഷേധിച്ചു നേതൃസ്ഥാനത്തുള്ളവരടക്കം നിരവധി വിദ്യാർത്ഥികളാണു എബിവിപിയിൽ നിന്നു രാജിവച്ചത്.

ശക്തമായ പ്രക്ഷോഭം ജെഎൻയുവിൽ ഉയരുമ്പോൾ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്ന സംഘപരിവാറുകാർക്കു കനത്ത തിരിച്ചടിയാണ് ഈ എബിവി വിദ്യാർത്ഥികൾ നൽകിയത്. ജെഎൻയു വിഷയത്തിനു പുറമെ രോഹിത് വെമുല, മനുസ്മൃതി വിഷയങ്ങളിൽ ബിജെപിയോടുള്ള എതിർപ്പും വിദ്യാർത്ഥികളെ എബിവിപിയിൽ നിന്നു രാജിവയ്ക്കാൻ പ്രേരിപ്പിച്ചു.

ജെ.എൻ.യുവിലെ എ.ബി.വി.പി ജോയിന്റ് സെക്രട്ടറിയായിരുന്ന പ്രദീപ് നർവാൾ പറഞ്ഞത് വിദ്യാർത്ഥികളെ അടിച്ചമർത്തുന്ന ഒരു സർക്കാറിന്റെ നാവായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എ.ബി.വി.പി.യിൽ നിന്നും രാജിവച്ച നേതാക്കൾ തങ്ങളുടെ തീരുമാനം അറിയിച്ചത്.

'ജെ.എൻ.യുവിലെ എ.ബി.വി.പി.സംഘടനയിൽ നിന്ന് രാജിവച്ച എ.ബി.വി.പി.ജോയിന്റ് സെക്രട്ടറിയായ ഞാൻ പ്രദീപ് നർവാളും , എ.ബി.വി.പി സെക്രട്ടറി അങ്കിത്ത് ഹൻസും, പ്രസിഡന്റ് രാഹുൽ യാദവും എ.ബി.വി.പിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇനി തുടരില്ല. ഞങ്ങളുടെ ആശയങ്ങൾ എൻ.ഡി.എ സർക്കാരിന്റെ ആശയങ്ങളുമായി ഒത്തുപോകില്ല. ജെ.എൻ.യു സംഭവത്തെ തുടർന്ന് നടന്നു കൊണ്ടിരിക്കുന്നത് തങ്ങളുടെ പ്രത്യയശാസ്ത്രത്തെ തകർക്കുന്നു. ഇടതുപ്രവർത്തകരെ മൊത്തം രാജ്യവിരുദ്ധരായി മുദ്രകുത്തുകയാണ്.' പ്രദീപ് നർവാൾ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജെ.എൻ.യു സംഭവവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എബിവിപിയിൽ നിന്നു കഴിഞ്ഞ ദിവസം ഇവർ രാജിസമർപ്പിച്ചത്.

ഫെബ്രുവരി 9ന് ജെ.എൻ.യുവിൽ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ ഉയർന്നു എന്നത് നിർഭാഗ്യകരവും ദുഃഖകരവുമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ്. പക്ഷെ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്ന എൻ.ഡി.എ സർക്കാരിന്റെ രീതി നീതികരിക്കാനാവാത്തതാണ്. പ്രൊഫസർമാരും മാദ്ധ്യമപ്രവർത്തകരും ആക്രമിക്കപ്പെടുന്നു. അന്വേഷണം നടത്തുന്നതും ഇടതുപക്ഷത്തെയാകെ ദേശവിരുദ്ധരാക്കി മുദ്രകുത്തി ആശയങ്ങളെ തകർക്കുന്നത് തമ്മിലും വ്യത്യാസമുണ്ട്.

ജെ.എൻ.യു അടച്ചു പൂട്ടണമെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. പക്ഷെ ഞങ്ങൾക്ക് പറയാനുള്ളത് 'സീ ന്യൂസ്' അടച്ചുപൂട്ടണമെന്നാണ്. ഏതാനും ചിലർ ചെയ്ത തെറ്റായ പ്രവർത്തികളെ സാമന്യവത്കരിച്ച് ജെ.എൻ.യുവിലെ വിദ്യാർത്ഥി സമൂഹത്തിന്റെ തലയിൽ കെട്ടിവെക്കാനാണ് പക്ഷപാതികളായ സീ ന്യൂസ് ശ്രമിക്കുന്നത്. പുരോഗനാത്മകവും ജനാധിപത്യപരവുമായ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന രാജ്യത്തെ ഉന്നത് വിദ്യഭ്യാസ സ്ഥാപനമാണ് ജെ.എൻ.യു. സമൂഹത്തിലെ വിവിധ തട്ടിലുള്ളവർ ഇവിടെ ആശയങ്ങൾ പങ്കു വെക്കുന്നുണ്ട്. തുല്യതയാണ് അത പങ്കുവെക്കുന്നത്.

വിദ്യാർത്ഥികളെ അടിച്ചമർത്തിയ സർക്കാരിന്റെ വക്താക്കളാവാൻ ഞങ്ങളില്ല. ജെ.എൻ.യുവിന്റെ നോർത്ത് ഗേറ്റിലും പട്യാലകോടതിയിലും അക്രമം അഴിച്ചു വിട്ടവരെ ന്യായീകരിക്കാനാണ് സർക്കാറും ഒ.പി ശർമയെ (എംഎ‍ൽഎ) പോലുള്ളവരും ശ്രമിച്ചത്. ദേശീയ പതാകയുമായെത്തി ജെ.എൻ.യുവിലെ വിദ്യാർത്ഥികളെ ആളുകൾ തല്ലിച്ചതയ്ക്കുന്ന കാഴ്ച ഞങ്ങൾ എല്ലാ ദിവസവും കാണുന്നുണ്ട്. ഇത് ദേശീയതയല്ല, തെമ്മാടിത്തമാണ്. രാജ്യത്തിന്റെ പേര് പറഞ്ഞ് എന്തും കാണിക്കാമെന്ന് നിങ്ങൾ കരുതേണ്ട. ദേശീയതയും ഗുണ്ടായിസവും രണ്ടും രണ്ടാണ്.

ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ ജെ.എൻ.യുവിലോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ അനുവദിക്കാനാവില്ല. ജെ.എൻ.യുവിൽ അത്തരത്തിൽ ഒന്നും നടന്നിട്ടില്ലെന്നാണ് വിദ്യാർത്ഥി യൂണിയനും ചില ഇടതു സംഘടനകളും പറയുന്നത്. എന്നാൽ മുൻ ഡി.എസ്.യു അംഗങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ ചിലർ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചതിന് വീഡിയോ ദൃശ്യങ്ങളുണ്ട്. കുറ്റം ചെയ്തവർ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. രാജ്യം മുഴുവൻ ജെ.എൻ.യുവിനെ എതിർക്കുന്ന തരത്തിലേക്ക് മാദ്ധ്യമ വിചാരണ നീണ്ടുപോയതിനെയും ഞങ്ങൾ അപലപിക്കുന്നു. ഇന്ന് നമ്മൾ എല്ലാവരും ജെ.എൻ.യുവിന് വേണ്ടി എഴുന്നേറ്റ് നിൽക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. പാർട്ടികൾക്കതീതമായി ഇക്കാര്യത്തിൽ നമ്മ്ൾ മുന്നോട്ട് വരണമെന്നും എബിവിപിയിൽ നിന്നു രാജിവച്ച വിദ്യാർത്ഥികൾ പറയുന്നു.