തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരം സി.കെ. വിനീതിനെ സ്വന്തമാക്കാൻ സോഷ്യൽമീഡിയയിൽ രാഷ്ട്രീയ യുവജന സംഘടനകളുടെ പോരാട്ടം. ഐഎസ്എലിൽ ബ്ലാസ്‌റ്റേഴ്‌സിനായി വിനീത്  സ്‌കോർ ചെയ്തു മുന്നേറുമ്പോൾ അദ്ദേഹം തങ്ങളുടെ അനുഭാവിയാണെന്നു സ്ഥാപിക്കാനാണ് ചെങ്കൊടി സംഘടനയും കാവി സംഘടനയും ശ്രമിക്കുന്നത്.

ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഗോൾനേടി ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സ്വപ്‌നങ്ങൾ പൂവണിയിച്ച വിനീതിനായി  രാഷ്ട്രീയ സംഘടനകൾ കടിപിടികൂടുന്നത് കേരളത്തിലെ കായികപ്രേമികൾക്കു മൊത്തം അപമാനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

കണ്ണൂരിന്റെ വിപ്ലവവീര്യം കാലിൽ ആവാഹിച്ചാണ് വിനീത് കളത്തിലിറങ്ങുന്നതെന്നാണ് ചെങ്കൊടി സംഘടനയുടെ പോസ്റ്റിൽ പറയുന്നത്. ഇതിന് മറുപടിയായി കാവിസംഘടന ഇറക്കിയ പോസ്റ്റിൽ, വിനീത് കണ്ണൂർ എസ്എൻ കോളജിൽ 2008ൽ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. നിസാര വോട്ടുകൾക്ക് വിനീത് പരാജയപ്പെടുകയായിരുന്നത്രേ.

കായികരംഗത്ത് രാഷ്ട്രീയം കലർത്തുന്നതിൽ യഥാർത്ഥ കളിപ്രേമികൾ എതിർപ്പ് ഉന്നയിച്ചുകഴിഞ്ഞു. കളിയെ കളിയായിട്ടുമാത്രം കാണണമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. നിർണായകമായ സെമിഫൈനലിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവീര്യം തകർക്കരുതെന്നും കളിപ്രേമികൾ കൂട്ടിച്ചേർക്കുന്നു.