കട്ടപ്പന: കട്ടപ്പനയിലെ ഋത്വിക് റോഷനു പിന്നാലെ കട്ടപ്പനയിൽ ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം കൂടി. വിനീത് ശ്രീനിവാസനെ നായകനാക്കി മലയാളത്തിലെ മുൻനിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന 'എബി'യാണു കട്ടപ്പനയിൽ ചിത്രീകരണം നടത്തുന്നത്.

ഇടുക്കിക്കു പുറമെ എറണാകുളവും മൈസൂരുവും ദുബായും ചിത്രത്തിന്റെ ലൊക്കേഷനുകളാകും. എബിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ നേരത്തെ പുറത്തിറക്കിയിരുന്നു.

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ശ്രീകാന്ത് മുരളിയുടെ ആദ്യസംവിധാന സംരംഭമാണ് ഈ ചിത്രം. ശാരീരികമായ പരിമിതികൾ ഉയർത്തിയ വെല്ലുവിളികൾ നേരിട്ട് ജീവിതവിജയം നേടുന്ന കഥാപാത്രമായാണ് വിനീത് എത്തുക.

ചിത്രത്തിനായി പ്രത്യേക തയ്യാറെടുപ്പുകൾ താരം നടത്തിയിരുന്നു. സിനിമയിൽ വേറിട്ട ഗെറ്റപ്പിലാണ് വിനീത് എത്തുക. ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. അനിൽ ജോൺസൺ, ബിജിപാൽ, ജയ്‌സൺ ജെ നായർ എന്നിവരാണ് സംഗീതം. ചിത്രസംയോജനം ഇ എസ് സൂരജ്. കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവായ സുവിൻ കെ വർക്കിയാണ് എബിയുടെ നിർമ്മാണം.