തിരുവനന്തപുരം: വിനീത് ശ്രീനിവാസനെ നായകനാക്കി മലയാളത്തിലെ മുൻനിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ശ്രീകാന്ത് മുരളിയുടെ ആദ്യസംവിധാന സംരംഭമാണ് ഈ ചിത്രം.

പറക്കാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല, പറക്കണം എന്ന ആഗ്രഹം യാഥാർഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ഒരാളുടെമാത്രം കഥയല്ല, സ്വപ്നം കാണുന്ന അനേകായിരങ്ങളുടെ കഥയാണ്. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നവും തടസ്സങ്ങൾ ചവിട്ടുപടിയാക്കി നേടുന്ന വിജയവുമാണ് കഥയുടെ സാരം.

വെല്ലുവിളികൾ നേരിട്ട് ജീവിതവിജയം നേടുന്ന കഥാപാത്രമായാണ് വിനീത് എത്തുക. വിനീതിന്റെ കരിയറിലെ ഏറ്റവുമികച്ച കഥാപാത്രമാകും എബി. ചിത്രത്തിനായി പ്രത്യേക തയ്യാറെടുപ്പുകൾ താരം നടത്തിയിരുന്നു. സിനിമയിൽ വേറിട്ട ഗെറ്റപ്പിലാണ് വിനീത് എത്തുക. വിനീതിന്റെ അഭിനയപ്രകടനമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം.

സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനിൽ ജോൺസൺ, ബിജിപാൽ, ജെസൺ ജെ നായർ എന്നിവരാണ് സംഗീതം. ചിത്രസംയോജനം ഇ എസ് സൂരജ്. കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവായ സുവിൻ കെ വർക്കിയാണ് എബിയുടെ നിർമ്മാണം.