ലണ്ടൻ:ഇന്നലെ രാത്രി 8.50ന് ബ്രിട്ടനിലെ ഷെഫീൽഡിലെ സബർബ്സിൽ പൊലീസിനെ വെട്ടിച്ച് പറപറന്ന വോക്സ് വാഗൻ ടൗറാൻ കൂട്ടിയിടിച്ച് ഒരു വയസുള്ള കുട്ടിയടക്കം നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ കുട്ടിക്ക് പുറമെ 35ഉം 50ഉം വയസുള്ള രണ്ട് പുരുഷന്മാർ, 41 വയസുള്ള സ്ത്രീ എന്നിവരുമാണ് മരിച്ചിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാർ അപകടത്തിന് ശേഷം സാരമായ പരുക്കില്ലാതെ കടന്ന് കളഞ്ഞെങ്കിലും പൊലീസ് അവരെ പിടികൂടിയിരുന്നു. വോക്സ് വാഗനിൽ മൊത്തം ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്.

ബിഎംഡബ്ല്യൂ കാറിലായിരുന്നു പൊലീസ് ഇവരെ പിന്തുടർന്നിരുന്നത്. കടുത്ത അപകടത്തെ തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു മിഡ് വൈഫ് ഒരു വയസുള്ള കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമില്ലാതെ പോവുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ രണ്ട് സ്ത്രീകളും മൂന്ന് വയസുള്ള പെൺകുട്ടിയും ചികിത്സയിലാണ്. ഇതിൽ 22 കാരിയുടെ നില അതീവ ഗുരുതരമാണ്. രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. സൗത്ത് യോർക്ക്ഷെയറിലെ സൗത്ത്ഫീൽഡ് സബർബായ ഡാർനാളിലാണ് അപകടം നടന്നിരിക്കുന്നത്.

വോക്സ് വാഗൻ വലത്തോട്ട് തിരിഞ്ഞ് ബാൻഹാം റോഡിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടതെന്നാണ് കരുതുന്നത്. വോക്സ് വാഗനിലുള്ള 23ഉം 17ഉം 18ഉം വയസുള്ള പുരുഷന്മാരായാണ് പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. 69കാരിയായ ഇക്‌ബാൽ ഖാൻ എന്ന ഓഫ് ഡ്യൂട്ടി മിഡ് വൈഫാണ് അപകടത്തെ തുടർന്ന് ഒരു വയസുള്ള കുട്ടിയെ രക്ഷിക്കാൻ കുതിച്ചെത്തിയത്. അപകടത്തെ തുടർന്ന് കൂറ്റൻ പൊട്ടിത്തെറി കേട്ടിരുന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു. തുടർന്ന് പൊലീസ് വാഹനങ്ങൾ സൈറൺ മുഴക്കി ഇവിടേക്ക് കുതിച്ചെത്തിയിരുന്നു.

പൊലീസ് വാഹനത്തിൽ നിന്നുള്ള ഡാഷ് കാം പരിശോധിച്ചുവെന്നും പൊലീസ് വാഹനം വോക്സ് വാഗനുമായി കൂട്ടിയിടിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഇൻഡിപെന്റന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് (ഐഒപിസി)പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അപകടത്തിന് മുമ്പ് സൗത്ത് യോർക്ക്ഷെയർ പൊലീസ് എന്താണ് പ്രവർത്തിച്ചതെന്ന് തിരക്കുമെന്നും റീജിയണൽ ഡയറക്ടർ മിരാൻഡ് ബിഡിൽ പറയുന്നു.സ്ലോവാക്യക്കാരാണ് അപകടത്തിൽ പെട്ടിരിക്കുന്നതെന്ന് പ്രദേശവാസികൾ സൂചന നൽകുന്നുണ്ട്. ഷെഫീൽഡിലെ മാനർ എസ്റ്റേറ്റിലുള്ളവരാണ് പിടിയിലായിരിക്കുന്നതെന്നും സൂചനയുണ്ട്.