ലണ്ടൻ: എ 299ലെ ഡ്യുവൽ കാരിയേജ് വേയിൽ തന്റെ കാർ ലോറിയുമായി മനഃപൂർവം ഇടിപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച 37കാരിയെ കെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ കുട്ടികളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുന്നതിനായി ഈ സ്ത്രീ അപകടം കരുതിക്കൂട്ടി ഉണ്ടാക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വെളുപ്പിന് 2.50നുണ്ടായ അപകടത്തിൽ തകർന്ന കാറിൽ നിന്നും നിസ്സാര പരുക്കുകളോടെ രക്ഷിച്ച യുവതിയുടെ വീട്ടിൽ ചെന്നപ്പോൾ രണ്ട് കുട്ടികൾ മരണത്തോട് മല്ലിടുകയായിരുന്നു. അപകടസ്ഥലത്ത് നിന്നും സ്ത്രീയെ കാറിൽ കയറ്റി ഡ്രൈവ് ചെയ്ത് വീട്ടിലെത്തിക്കുകയായിരുന്നു പൊലീസ്.


ഈ സമയത്ത് രണ്ട് വയസുള്ള പെൺകുട്ടിയും അവളുടെ ചേച്ചിയുമായിരുന്നു മരണാസന്നരായി ആ വീട്ടിൽ കിടക്കുന്നതിന് പൊലീസ് സാക്ഷ്യം വഹിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് പൊലീസ് ഇവരെ പുലർച്ചെ 3.35ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിട്ടില്ല. കഴിഞ്ഞ രാത്രി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത സ്ത്രീയെ പൊലീസ് കസ്റ്റഡയിിൽ വച്ച് ചോദ്യം ചെയ്ത് വരുന്നുണ്ട്. അമ്മയും കുട്ടികളും കെന്റിലെ മാർഗററ്റിന് സമീപമുള്ള വെസ്റ്റ് വുഡിലെ പുതുതായി നിർമ്മിച്ച 215,000 പൗണ്ട് വിലയുള്ള വീട്ടിലേക്ക് ഈ അടുത്തായിരുന്നു താമസിക്കാനെത്തിയതെന്നാണ് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നത്.

സ്ത്രീയുടെ കാർ ഡ്യുവൽ കാരിയേജ് വേയിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. വിറ്റ്സ്റ്റേബിൾ എന്ന കടലോര ടൗണിനടുത്താണ് അപകടം നടന്നിരുന്നത്. ഇടിയിൽ കാറിന്റെ ബോണറ്റ് പൂർണമായും തകർന്നുവെങ്കിലും സ്ത്രീ ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.സ്ത്രീ കാർ മനഃപൂർവം ലോറിയിൽ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് സാക്ഷികൾ വെളിപ്പെടുത്തുന്നത്. തുടർന്ന് സ്ത്രീയെയും കയറ്റി കാർ 15 മൈൽ അകലത്തുള്ള അവരുടെ വീട്ടിലേക്ക് എത്തിക്കുകയും അപകട നിലയിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.

കുട്ടികളുടെ മരണത്തെ തുടർന്ന് ഇവരുടെ വീട് പൊലീസ് പൂട്ടി സീൽ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ അന്വേഷണം നടത്തി വരുന്നുമുണ്ട്. വീടിന്റെ ഹാളിൽ ഒരു പിങ്ക് സൈക്കിൾ വീണ് കിടക്കുന്നുണ്ട്. വീടിന്റെ ഗേറ്റിന് മുന്നിൽ പൊലീസ് കാവൽ നിൽക്കുന്നുണ്ട്. കൊല്ലപ്പെട്ട കുട്ടികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.