കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അപകടം. ചിപ്പിലിത്തോടിനും ഒന്നാം വളവിനുമിടയിലായി ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റിയ ലോറി മറിഞ്ഞ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റും പുല്പള്ളിയിൽനിന്നും സിലിണ്ടറുകൾ റീഫിൽ ചെയ്യാനായി കോഴിക്കോട്ടേക്ക് വരികയായിരുന്ന പിക്കപ്പ് ലോറിയാണ് റോഡിലേക്ക് മറിഞ്ഞത്.ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം.

വാഹനത്തിൽ നിന്നും തെറിച്ച സിലിണ്ടർ ദേഹത്ത് പതിച്ച നരിക്കുനി സ്വദേശിക്ക് സാരമായ പരിക്കേറ്റു.ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. അപകടത്തെ തുടർന്ന് ചുരത്തിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടു. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് തടസ്സം നീക്കിയത്.അടിവാരത്ത് നിന്ന് എത്തിയ ചുമട്ടുതൊഴിലാളികൾ സിലിണ്ടറുകൾ മറ്റൊരു വാഹനത്തിൽ കയറ്റി. സ്ഥലത്തെത്തിയവർ തന്നെയാണ് ലോറി നിവർത്തിയത്.