ഷില്ലോങ്: മേഘാലയയിൽ വനത്തിനുള്ളിൽ 150 അടി ആഴത്തിലുള്ള കുഴിയിൽ വീണ് ആറ് കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഈസ്റ്റ് ജയന്തിയ ഹിൽസിലെ വനത്തിനുള്ളിലാണ് സംഭവം. അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.

2018 ഡിസംബറിൽ ഇതേ ജില്ലയിൽ അനധികൃത ഖനി തകർന്ന് 15 പേരെ കാണാതായിരുന്നു. അതേസമയം കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയതോടെ അനധികൃത ഖനി നിർമ്മാണത്തിനിടെയാണ് അപകടമെന്ന് പ്രദേശവാസികൾ ആരോപിച്ചു.

എന്നാൽ ഈ പ്രദേശത്ത് കൽക്കരി ഖനിയില്ലെന്നും മറ്റ് ആവശ്യങ്ങൾക്കായി മണ്ണ് എടുക്കുന്നതിനിടെയാണ് അപകടമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മേഘാലയയിൽ കൽക്കരി ഖനനം ദേശീയ ഹരിത ട്രിബ്യൂണൽ നിരോധിച്ചിരിക്കുകയാണ്.