ബുറൈദ (സൗദി അറേബ്യ): സൗദിയിലെ റിയാദ് - അൽഖസീം റോഡിൽ ഞായറാഴ്ച ഉണ്ടായ റോഡപകടത്തിൽ മലയാളി ആരോഗ്യ പ്രവർത്തകയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട, അടൂർ സ്വദേശിയും അൽഖസിം ബദായ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമായ ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്.

അൽഖസിം - റിയാദ് റോഡിൽ ബുറൈദ നഗരത്തിൽ നിന്നു 150 കിലോ മീറ്റർ അകലെയുള്ള അൽഖലീജിൽ ഉച്ച തിരിഞ് മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. റിയാദ് എയർപോർട്ടിലേക്കു യാത്ര ചെയ്യുകയായിരുന്ന ശില്പ മേരി സഞ്ചരിച്ച വാഹനം കീഴ്‌മേൽ മറിയുകയായിരുന്നു. കാറിൽ നിന്നു തെറിച്ചു വീണ ശില്പയെ ഗുരുതരമായ പരിക്കുകളോടെ റിയാദിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള അൽതുമൈർ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു. മൃതദേഹം അതെ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

യു എ ഇയിലുള്ള ഭർത്താവിനൊപ്പം വാർഷികാവധി ചിലവഴിക്കാനായി അങ്ങോട്ടേയ്ക്ക് പുറപ്പെട്ടതായിരുന്നു ശില്പ മേരി. കഴിഞ്ഞ രണ്ടു വർഷമായി ബദായ ജനറൽ ആശുപത്രിയിൽ ജോലിചെയ്യുന്ന ശില്പ ഒരു വർഷം മുമ്പാണ് വിവാഹിതയായത്. ഭർത്താവ്: ജിബിൻ വർഗ്ഗീസ് ജോൺ.

വാഹനമോടിച്ചിരുന്ന ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദിൽ നിന്ന് മുന്നൂറു കിലോമീറ്ററിലധികം ദൂരെയാണ് ബുറൈദ നഗരം.

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മലയാളി സാമൂഹിക പ്രവർത്തകരും നഴ്സുമാരുടെ കൂട്ടായ്മയും രംഗത്തുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ എം സി സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, തുമൈർ കെ എം സി സി നേതാവ് വാജിദ് എന്നിവർ രംഗത്തുണ്ട്.

ശില്പ മേരി ഫിലിപ്പിന്റെ വിയോഗത്തിൽ യു എൻ എ പ്രസിഡന്റ് ജാസ്മിൻ ഷ അനുശോചനം അറിയിച്ചു.