അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം ടോറസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരും മരണമടഞ്ഞു.

കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത് സിജു(33),താന്നിച്ചുവട്ടിൽ സന്തോഷ്(34 )എന്നിവരാണ് മരണമടഞ്ഞത്. പുലർച്ചെ 3 മണിയോടെ വാഹനം ഉയർത്തി പുറത്തെടുത്ത മൃതദ്ദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഇന്നലെ രാത്രി 7.30 തോടെയായിരുന്നു അപകടം.

അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.പലതവണ കരണം മറിഞ്ഞ ടോറസ് താഴെ ദേവിയാറിന്റെ തീരം വരെ എത്തിയിരുന്നു. മുകളിൽ റോഡിൽ നിന്നും വലിയവടം വിലിച്ചുകെട്ടിയാണ് 300 അടിയോളം താഴെ ,ടോറസ് കിടക്കുന്ന ദേവിയാറിന്റെ തീരത്ത് രക്ഷപ്രവർത്തകർ എത്തിയത്.

ഒരാൾക്ക് നേരിയ ചലനമുണ്ടെന്നും മറ്റെയാൾക്ക് അനക്കമില്ലന്നുമായിരുന്നു ആദ്യം എത്തിയ രക്ഷപ്രവർത്തകരിൽ നിന്നും ലഭിച്ച വിവരം. അപകടം നടന്നയുടൻ തന്നെ ഫയർഫോഴ്സും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമടങ്ങുന്ന സംഘം രക്ഷപ്രവർത്തനത്തിന് എത്തിയിരുന്നു.വാളറയിലെ ഹൈവേ ജാഗ്രത സമിതി പ്രവർത്തകരും ഇവർക്കൊപ്പം ആദ്യാവസാനം വരെ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.

ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തിയാലെ ഉള്ളിലുള്ളവരെ പുറത്തെടുക്കാൻ കഴിയു എന്നതായിരുന്നു സ്ഥിതി. 10.15 ഓടെ ക്രയിൻ സ്ഥലത്ത് എത്തിച്ച് വാഹനം ഉയർത്തുന്നതിന് ശ്രമം ആരംഭിച്ചിരുന്നു. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഈ ഭാഗത്ത് പാതയുടെ ഒരു വശം മലയും മറുവശം അഗാതമായ കൊക്കയുമാണ്.