പ്രാർത്ഥനാ പൂർവം കാത്തു കാത്തിരുന്നു ജനിക്കുന്ന കൺമണികളെ ഒരു പ്രായമാകുന്നത് വരെ കണ്ണിൽ കൊണ്ടു നടന്നു വളർത്തിയില്ലെങ്കിൽ അവർ അപകടത്തിൽ പെടുമെന്നുറപ്പാണ്. പിന്നീട് ആ തീരാദുഃഖത്തിൽ വെന്തുരുകിയിട്ട് യാതൊരു കാര്യവുമില്ല. ബ്രിട്ടനിലെ സാറ എയ്ട്കെൻ, മെർവിൻ സ്‌കോട്ട് എന്നീ ദമ്പതികൾ ഇപ്പോൾ ഈ കടുത്ത ദുഃഖത്തിന്റെ കയങ്ങളിൽ മുങ്ങിത്താഴ്ന്ന് ശ്വാസം മുട്ടുകയാണ്. വീടിനു മുന്നിലെ ഫിഷ് പോണ്ടിൽ വീണ് ഇവരുടെ ഇരട്ട ആൺമക്കളായ ഷൗനും റൈസും മരിച്ചിരിക്കുകയാണ്. ഈ രണ്ടു വയസുകാർ വീടിനുള്ളിൽ കളിക്കുകയാണെന്ന ധാരണയിലായിരുന്നു അപ്പോൾ ഈ മാതാപിതാക്കൾ നിലകൊണ്ടിരുന്നത്. എഡിൻബറോയ്ക്കടുത്തുള്ള ഫിഫിലെ ഡാൽഗെറ്റി ബേയിലെ വീട്ടിലുള്ള ഫിഷ്പോണ്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയിരിക്കുന്നത്. തുടർന്ന് എമർജൻസി സർവീസുകൾ കുതിച്ചെത്തി കുട്ടികളെ ഉടനടി കിർകാഡിയിലെ വിക്ടോറിയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ദുരന്തത്തിൽ തകർന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് എല്ലാവിധ സഹായവും പിന്തുണയും നൽകി വരുന്നുണ്ടെന്നാണ് പൊലീസ് സ്‌കോട്ട്ലൻഡ് കഴിഞ്ഞ രാത്രിയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 8.20ഓടെ കുട്ടികൾ ഫിഷ്പോണ്ടിൽ വീണുവെന്നറിയിച്ചു കൊണ്ടുള്ള കാൾ ലഭിച്ചതിനെ തുടർന്നാണ് ഡാൽഗെറ്റി ബേയിലെത്തിയതെന്നാണ് പൊലീസിന്റെ വക്താവ് പറയുന്നത്. തുടർന്ന് കുട്ടികളെ പുറത്തെടുക്കാൻ സ്‌കോട്ടിഷ് ആംബുലൻസ് സർവീസുമായി ചേർന്ന് പൊലീസ് പ്രവർത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരായി വീടിനകത്ത് നിന്ന് കളിക്കുകയാണെന്ന ധാരണയിലാണ് മാതാപിതാക്കൾ അപകടം നടക്കുമ്പോൾ നിലകൊണ്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ അടുത്ത കാലത്താണ് ഈ ദമ്പതികൾ ഈ വീട് വാടകയ്ക്കെടുത്ത് താമസമാരംഭിച്ചിരുന്നത്. ദമ്പതികളുടെ ദുഃഖത്തിൽ അനുശോചനം പ്രകടിപ്പിച്ച് കൊണ്ട് അയൽക്കാർ സോഷ്യൽ മീഡിയിൽ രംഗത്തെത്തിയിട്ടുണ്ട്. ഇതു ദുഃഖകരമായ സംഭവമാണെന്നും തന്റെ ഹൃദയം ആ കുടുംബത്തിനൊപ്പമാണെന്നുമാണ് ഡാൽഗെറ്റി ബേ കൗൺസിലറായ ഡേവ് ഡെംപ്സെ പ്രതികരിച്ചിരിക്കുന്നത്.

ടൗണിന്റെ തെക്ക് പടിഞ്ഞാറുള്ള ബ്രേക്കേർസ് വേയിലാണ് സംഭവം നടന്നിരിക്കുന്നത്. നിരവധി പേരാണ് അനുശോചനം അറിയിച്ച് കൊണ്ട് ഇവരുടെ വീട്ടിലേക്ക് കുതിച്ചെത്തിയിരുന്നത്. ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ടുള്ള പൂക്കളും കുന്നു കൂടിയിരുന്നു. 2012ൽ വീടുകളിൽ 25,000 പൗണ്ടിന്റെ കോയി ഫിഷ് ടാങ്കുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി ഫിഫ് കൗൺസിൽ നടപ്പിലാക്കിയിരുന്നു. അതിന്റെ ഭാഗമായി നിർമ്മിച്ച ടാങ്കായിരിക്കാം ഇപ്പോൾ അപകടത്തിന് കാരണമായതെന്ന് സൂചനയുണ്ട്. രണ്ടു നിലയുള്ള വീടിന് മുന്നിൽ ഇപ്പോഴും പൊലീസ് നിലകൊള്ളുന്നുണ്ട്. രണ്ടു കാറുകൾ ഇവിടുത്തെ ഡ്രൈവ് വേയിൽ കാണാം.