ന്ത്യൻ വംശജനായ ബിസിനസുകാരനും കോടികളുടെ ആസ്തിയുള്ളയാളുമായ സബിർ തയുബ് (48) എം 45ലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇദ്ദേഹം കയറിയ മെർസിഡസ് വാർവിക്ക്ഷെയറിലെ റുഗ്‌ബിക്കടുത്ത് ഒരു മരത്തിലിടിച്ചതിനെ തുടർന്നാണ് അപകടമരണമുണ്ടായിരിക്കുന്നത്. ബഡ്ജറ്റ് ചെയിനായ പൗണ്ട്സ്ട്രെച്ചറിന്റെ സ്ഥാപകനായ റാഷിദ് തയുബിന്റെ പുത്രനാണ് സബിർ. കൂടാതെ പൗണ്ട്സ്ട്രെച്ചർ അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമകളിൽ ഒരാളുമാണ് സബിർ. അപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ച് വരുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥ കാരണം ഡ്രൈവിംഗിന് ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് സബിർ അപകടത്തിൽ പെട്ടുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട്.

തന്റെ സഹോദരനായ അസീസുമൊത്ത് ചേർന്ന് സബിർ ക്രൗൺ ക്രെസ്റ്റ് ഫുഡ് ഡിസ്ട്രിബ്യൂഷൻ സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള ഹോൾസെയിൽ, പ്രോപ്പർട്ടി സാമ്രാജ്യം അസീസാണ് നടത്തുന്നത്. ഇവർക്ക് 250 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ട്. 2015ലെ ഏഷ്യൻ റിച്ച് ലിസ്റ്റിൽ അസീസ് തയുബിന്റെ ആസ്തി 200 മില്യൺ പൗണ്ടായിരുന്നു. രാജ്യത്തെ സമ്പന്നരായ ഏഷ്യക്കാരുടെ ലിസ്റ്റാണിത്. മിഡ്ലാൻഡ്സിലെ ഏറ്റവും പണക്കാരനായ നാലാമത് ഏഷ്യക്കാരനുമാണ് ലിസ്റ്റ് പ്രകാരം ഇദ്ദേഹം. അപകടത്തിൽ മരിച്ച സബിർ നോട്ടിങ്ഹാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റോറേജ് ഭീമനായ സെർട്ട് യുകെ, പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് കമ്പനിയായ സാമി പ്രോപ്പർട്ടി കോ ലിമിറ്റഡിന്റെയും മാനേജിങ് ഡയറക്ടറാണ് .

ഇന്നലെ ഉച്ചയ്ക്ക് 1.30നുണ്ടായ അപകടത്തിൽ സംഭവസ്ഥലത്ത് വച്ച് തന്നെ സബിർ മരിച്ചിരുന്നു. അപകടമരണവുമായി ബന്ധപ്പെട്ടുള്ള ഇൻക്വസ്റ്റ് വെള്ളിയാഴ്ച ആരംഭിച്ചിട്ടുണ്ട്. വാർവിക്ക്ഷെയർ പൊലീസും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. എം45ലുണ്ടായ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ വെളിപ്പെടുത്തണമെന്ന് പൊലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയുന്നവർ വാർവിക്ക്ഷെയർ പൊലീസിനെ 101 എന്ന നമ്പറിലാണ് വിളിച്ചറിയിക്കേണ്ടത്. റാഷിദും അസീസും മലാവിയിൽ നിന്നും യുകെയിലെത്തിയിരുന്നത് 1970കളിലായിരുന്നു. തുടർന്ന് അവർ രാജ്യത്തെ ഏറ്റവും വിജയകരമായ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപതികളായിത്തീരുകയുമായിരുന്നു.

മലാവിയിൽ വെയർഹൗസിൽ ഗ്രോസറി കച്ചവടം നടത്തുകയായിരുന്നു ഇവർ. തുടർന്ന് സഹോദരങ്ങൾ 1976ൽ യുകെയിൽ ഒരു കോർണർ ഷോപ്പ് തുറക്കുകയായിരുന്നു. തുടർന്ന് ഇവർ കാഷ് ആൻഡ് കാരി ബിസിനസിലേക്ക് തിരിയുകയായിരുന്നു. ഇത് പെട്ടെന്ന് വളർന്ന് വികസിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ മിഡ്ലാൻഡ്സിലുടനീളം ഡിപ്പോട്സുകൾ തുറക്കുകയും ചെയ്തിരുന്നു. ഫാംഫുഡ്സ്, പൗണ്ട്ലാൻഡ് അടക്കമുള്ള ശൃംഖലകളുമായി ഇവർ നിരവധി സപ്ലൈ എഗ്രിമെന്റുകളുമുണ്ടാക്കിയിരുന്നു. പിന്നീട് അവർ 15 മുൻ വൂൾവർത്ത്സ് സ്റ്റോറുകൾ വാങ്ങുകയായിരുന്നു. ഇതിലൂടെ 200 പേർക്ക് തൊഴിൽ നൽകാനും അവർക്ക് സാധിച്ചു. തുടർന്ന് 1981ലായിരുന്നു ഇവർ പൗണ്ട്സ്ട്രെച്ചർ ശൃംഖല സ്ഥാപിച്ചത്. യുകെയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് സ്റ്റോറുകളിലൊന്നാണിത്. ഈ ശൃംഖല സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച 2007 കാലത്ത് ഈ സഹോദരങ്ങൾ കമ്പനിയുടെ 30 ശതമാനം ഓഹരികളും വാങ്ങിയിരുന്നു.തുടർന്ന് യുകെയിൽ ഉടനീളം 404 സ്റ്റോറുകൾ ഈ ശൃംഖലയുടേതായി ഇവർ സ്ഥാപിച്ചിട്ടുണ്ട്.