മലപ്പുറം: അമിത വേഗതയിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം വണ്ടൂർ പുളിയക്കോട് സംസ്ഥാന പാതയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പുളിയക്കോട് സ്വദേശി കൊണ്ടുപറമ്പിൽ വിനോദാണ് അപകടത്തിൽ മരിച്ചത്. വലതു ഭാഗത്തേക്ക് തിരിയുകയായിരുന്ന വിനോദിനെ പിറകിൽ വന്ന ഇന്നോവ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ദൃക്സാക്ഷികളും കാറിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പറയുന്നത്. വിനോദ് കൃത്യമായി സിഗ്‌നൽ നൽകിയ ശേഷമാണ് റോഡിൽ നിന്നും വലത് ഭാഗത്തേക്ക് ബൈക്ക് തിരിച്ചത്. ഇത് ശ്രദ്ധിക്കാതെ കാർ അമിത വേഗതയിലെത്തി വിനോദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നും നാട്ടുകാർ പറയുന്നു. അപകടം നടന്ന ഉടൻ തന്നെ ഗുരുതര പരിക്കുകളോടെ വിനോദിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിങ്കൽ ക്വാറിയിലെ തൊഴിലാളിയാണ് വിനോദ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്.