പത്തനംതിട്ട: വനിതകൾക്കും കുട്ടികൾക്കും പകർന്നു നൽകിയത് പ്രതിരോധത്തിന്റെ പുത്തൻ പാഠങ്ങൾ..പൊലീസ് സ്റ്റേഷനിലെത്തുന്ന ഒരോരുത്തരോടും ഇടപെട്ടത് പുഞ്ചിരിക്കുന്ന മുഖവുമായി..വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരണമടഞ്ഞ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പന്തളം കുളനട തണങ്ങാട്ടിൽ സിൻസി പി.അസീസ് ഏവരും ഓർക്കുന്നത് ഇങ്ങനെയാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധിക്കാൻ പരിശീലനം നൽകുന്ന (മാസ്റ്റർ ട്രെയിനർ, വിമൻ സെൽഫ് ഡിഫൻസ്) ചുമതല ആയിരുന്നു സിൻസിക്ക്.പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് മുന്നിൽ സദാ പുഞ്ചിരിക്കുന്ന മുഖമായിരുന്നു സിൻസി പി.അസീസെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ. മറ്റുള്ളവരുടെ പ്രശ്നത്തിലിടപെടുന്നതിനും പരിഹാരം കാണുന്നതിനും ശ്രദ്ധകാട്ടിയിരുന്ന സിൻസിയെ ഒരുവട്ടം പരിചയപ്പെട്ടവരാരും പൈട്ടന്ന് മറക്കാനിടയില്ല.

2016-ലാണ് സിൻസി പൊലീസിൽ സിവിൽ പൊലീസ് ഓഫീസറായി സർവീസിൽ പ്രവേശിച്ചത്. പരിശീലനത്തിന് ശേഷം ആദ്യം മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സേവനം ചെയ്തത്. തുടർന്ന് ആറന്മുള പൊലീസ് സ്റ്റേഷനിലും പിന്നീട് വനിതാ പൊലീസ് സ്റ്റേഷനിലും ജോലി ചെയ്തു. ആറന്മുള സ്റ്റേഷനിലാണ് കൂടുതൽ കാലവും ജോലി ചെയ്തത്. 2018-ൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയിൽ ചേർന്ന് പരിശീലനം നേടി.

തുടർന്ന് മാസ്റ്റർ ട്രെയിനിയായി ജില്ലയിലുടനീളം സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകി. പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ താത്പര്യവും കൃത്യതയും പുലർത്തിയ സിൻസിയെ മേലുദ്യോഗസ്ഥർക്കും ഇഷ്ടമുള്ള വ്യക്തിത്വമായിരുന്നു. സ്വയം പ്രതിരോധപരിശീലന പദ്ധതിയിൽ ആത്മാർഥമായ പ്രവർത്തനം കാഴ്ചവെച്ചിരുന്ന ഉദ്യോഗസ്ഥയായിരുന്നു സിൻസിയെന്ന് പദ്ധതിയുടെ ചുമതലയുള്ള വനിതാ പൊലീസ് ഇൻസ്‌പെക്ടർ ഉദയമ്മ പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പ്രത്യേക താത്പര്യമായിരുന്നു സിൻസിക്കെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സിൻസിയെക്കുറിച്ച് പറയുമ്പോൾ സഹപ്രവർത്തകരുടെ വാക്കുകൾ ഇറടുന്നുണ്ടായിരുന്നു.

വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും പ്രിയപ്പെട്ട സഹപ്രവർത്തക തിരിച്ചുവരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. തുടക്കത്തിൽ മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയപ്പോൾ എല്ലാവരിലും ആശ്വാസത്തിന്റെ കണികകളുണ്ടായിരുന്നു. എന്നാൽ, കാത്തിരിക്കാതെ മരണം സിൻസിയെ കവരുകയായിരുന്നു.ജൂലായ് 11-ന് ഉച്ചയ്ക്ക് പന്തളം-ആറന്മുള റോഡിൽ കുറിയാനിപ്പള്ളിയിൽവച്ചാണ് അപകടം ഉണ്ടായത്.

സ്ത്രീകൾക്ക് പൊലീസിന്റെ സ്വയംപ്രതിരോധ പരിശീലന ക്ലാസെടുക്കാൻ കോഴഞ്ചേരിയിലേക്ക് പോകുമ്പോഴാണ് അപകടം.പന്തളത്തുനിന്നും ആറന്മുളയ്ക്ക് സ്‌കൂട്ടറിൽ വരുമ്പോൾ അമിതവേഗതയിലെത്തിയ കാർ സിൻസിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സിൻസി റോഡിലേക്ക് തെറിച്ചുവീണു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വഴിയിൽകിടന്ന സിൻസിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും പ്രശ്നമായി. ഇലവുംതിട്ട സ്റ്റേഷനിൽനിന്നും പൊലീസുകാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. ഉടമകൂടിയായ പെരുമ്പാവൂർ സ്വദേശി കെ.എം. വർഗീസിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പുകൂടി ചേർത്ത് പൊലീസ് കേസെടുത്തു. കാറിന്റെ അമിതവേഗവും ദിശതെറ്റിയുള്ള യാത്രയുമാണ് അപകടത്തിന് കാരണം. പന്തളത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വർഗീസ്.

ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ട എ.ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിൽ അല്പനേരം പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു പത്തനംതിട്ട എ.ആർ.ക്യാമ്പിലെത്തിച്ചത്.

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എ.എസ്‌പി. ബിജി ജോർജ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. പി.കെ.സാബു, ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ജെ.ഉമേഷ് കുമാർ, ഡി.സി.ആർ.ബി. ഡിവൈ.എസ്‌പി. എസ്.വിദ്യാധരൻ, പത്തനംതിട്ട ഡിവൈ.എസ്‌പി. എസ്.നന്ദകുമാർ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബി.അജി, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പ്രദീപ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

വൈകീട്ട് നാലിന് പന്തളം കുളനടയിലെ ഭർത്തൃവീട്ടുവളപ്പിൽ പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. ഭർത്താവ്: ആർ. സനൽകുമാർ, മകൻ: സിദ്ധാർഥ് (ഒൻപതാംക്ലാസ് വിദ്യാർത്ഥി, ഗവ. ഹൈസ്‌കൂൾ കിടങ്ങന്നൂർ). പിതാവ്: അബ്ദുൽ അസീസ്. മാതാവ്: കമലത്ത് ബീവി.